Select Location
All Locations
State
Region
City / District
പിണറായിയുടെ മുൻ പഴ്സനൽ സ്റ്റാഫ് അംഗത്തെ വനം പിആർഒ സ്ഥാനത്തുനിന്ന് മാറ്റി; പിആർഡിയിലെ വിവാദ നിയമനങ്ങളിൽ നടപടി

പിണറായിയുടെ മുൻ പഴ്സനൽ സ്റ്റാഫ് അംഗത്തെ വനം പിആർഒ സ്ഥാനത്തുനിന്ന് മാറ്റി; പിആർഡിയിലെ വിവാദ നിയമനങ്ങളിൽ നടപടി

തിരുവനന്തപുരം ∙ സർവീസ് സംഘടനകളുടേതടക്കം വ്യാപക വിമർശനത്തെ തുടർന്ന് ഒടുവിൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ വിവാദ നിയമനങ്ങളിൽ സർക്കാർ നടപടി തുടങ്ങി. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന എ.സി.അഭിലാഷിനെ വനംവകുപ്പ് ആസ്ഥാനത്ത് പിആർഒ ആയി നിയമിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. യുഡിഎഫ് അധികാരത്തിലെത്തിയ ഉടൻ സർക്കാരുമായി ആലോചിക്കാതെയായിരുന്നു പ്രധാന ചുമതലയിലേക്ക് അഭിലാഷിനെ മാറ്റിയത്. ഇതിനെതിരെ സർവീസ് സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് നിയമനം റദ്ദാക്കിയത്.

പിണറായി വിജയന്റെ സ്റ്റാഫിൽപ്പെട്ടയാളെ തന്റെ വകുപ്പിൽ നിയമിച്ചതിൽ മന്ത്രി ഷിബു ബേബി ജോണും പരാതി നൽകി. ഇതെത്തുടർന്നാണ് ചുമതലയേറ്റ് അഞ്ചാം ദിവസം തന്നെ ഇദ്ദേഹത്തെ ഒഴിവാക്കിയത്. പകരം, പിആർഡിയിലെ ഇംഗ്ലിഷ് എഡിറ്റോറിയൽ വിഭാഗം ഇൻഫർമേഷൻ ഓഫിസർ സിനി കെ.തോമസിനെ വനം ആസ്ഥാനത്തു നിയമിച്ചു. അഭിലാഷിനു പകരം നിയമനം നൽകിയിട്ടില്ല.

സർക്കാർ മാറി പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ഉടൻ പിആർഡി കേന്ദ്രീകരിച്ച് ഇടതുപക്ഷ അനുകൂല ജീവനക്കാരെ സംരക്ഷിക്കുന്നതിനായി നടത്തിയ സുരക്ഷിത സ്ഥലംമാറ്റങ്ങളിലാണ് ഇപ്പോൾ സർക്കാർ ഇടപെടുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലവും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലവുമായി താരതമ്യം ചെയ്ത് ‘ഇരുണ്ടകാലം’ പരസ്യം പിആർഡി നൽകിയതിനെ യുഡിഎഫ് ചോദ്യം ചെയ്തിരുന്നു. പിആർഡി ഡയറക്ടർ ടി.വി.സുഭാഷിനെ കഴിഞ്ഞ ദിവസം സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. പിആർ വകുപ്പു സെക്രട്ടറിയായി തന്റെ സെക്രട്ടറിയായ രത്തൻ യു.കേൽക്കറിനു തന്നെ മുഖ്യമന്ത്രി ചുമതല നൽകുകയും ചെയ്തു. പരസ്യ, മാർക്കറ്റിങ് ഡപ്യൂട്ടി ഡയറക്ടർ വി.പി.അശ്വതിയെ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കു മാറ്റി. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘നുണേശൻ’ എന്ന പേരിൽ പ്രചാരണം നടത്തുന്നതിനു നേതൃത്വം നൽകിയ പിആർഡി ജീവനക്കാരനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാർ തിരികെ നൽകി തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷനും അംഗങ്ങളും ഉപയോഗിക്കുന്ന വാഹനങ്ങൾ തിരിച്ചേൽപിക്കണമെന്ന യുവജനക്ഷേമ വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് അധ്യക്ഷൻ എം.ഷാജർ കാർ തിരിച്ചേൽപിച്ചു. അംഗങ്ങൾക്കു കാർ അനുവദിച്ചിരുന്നില്ല. അധ്യക്ഷൻ എന്ന നിലയിൽ ഷാജർ കഴിഞ്ഞ ഏപ്രിൽ 28നു 3 വർഷ കാലാവധി പിന്നിട്ടെന്ന പേരിലായിരുന്നു സർക്കാർ നിർദേശം. എന്നാൽ കമ്മിഷന്റെ അധ്യക്ഷ സ്ഥാനം ഷാജർ ഒഴിഞ്ഞിട്ടില്ല. 3 വർഷം കഴിഞ്ഞാലും പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെയോ, 6 മാസം കൂടിയോ നിലവിലെ അധ്യക്ഷനു തുടരാമെന്നാണു ചട്ടം. അതിനാൽ 3 വർഷം കഴിഞ്ഞെന്ന പേരിൽ വാഹനം തിരികെ ആവശ്യപ്പെട്ട നടപടി ചട്ടവിരുദ്ധമാണെന്നു ഷാജർ പറഞ്ഞു.


Manorama News 1 hour ago
Home Flash News