തൃണമൂല്‍ കോണ്‍ഗ്രസ് പിളരുമോ? മമത വിളിച്ച യോഗത്തിന് എത്തിയത് 20 എംഎല്‍എമാര്‍ മാത്രം
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളരുമെന്ന് അഭ്യൂഹം. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി വിളിച്ചുചേര്‍ത്ത യോഗത്തിന് എത്തിയത് 20 എല്‍എഎമാര്‍ മാത്രം. 60 എംഎല്‍എമാര്‍ വന്നില്ല. സംസ്ഥാന വ്യാപകമായി തൃണമൂല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി, പാര്‍ട്ടി എംപി കല്യാണ്‍ ബാനര്‍ജി എന്നിവര്‍ പരസ്യമായി ആക്രമിക്കപ്പെട്ടിരുന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് അഭിഷേക് പറയുന്നു. മമത ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധിച്ചവരെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് എംഎല്‍എമാരുടെ യോഗം മമത വിളിച്ചു ചേര്‍ത്തത്. 60 എംഎല്‍എമാര്‍ വരാത്തതിനെ തുടര്‍ന്ന് യോഗം മാറ്റിവച്ചു. തൃണമൂല്‍ വൈകാകെ പിളരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംസ്ഥാനത്തുടനീളം നടന്ന അറസ്റ്റുകളുമാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിശദീകരിച്ചു. ഹാജരാകാത്ത എംഎല്‍എമാര്‍ ''അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും അറസ്റ്റിലായ പ്രവര്‍ത്തകരെ സഹായിക്കാനും തിരക്കിലായിരുന്നെന്ന്'' ദക്ഷിണ കൊല്‍ക്കത്തയിലെ കാളിഘട്ടിലുള്ള മമതയുടെ വസതിക്ക് പുറത്തു വച്ച് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ നിയമസഭാ സാമാജികരും പാര്‍ട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഘോഷ് തറപ്പിച്ചു പറഞ്ഞു. ഹാജരാകാത്ത എംഎല്‍എമാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് യോഗം താല്‍ക്കാലികമായി റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യോഗത്തിനെത്തിയ 20 എംഎല്‍എമാരുമായി മമത അനൗദ്യോഗികമായി സംസാരിച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിജെപി നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ബ്ലോക്ക് തലത്തിലും മുനിസിപ്പല്‍ വാര്‍ഡ് തലത്തിലും റാലികള്‍ നടത്തുമെന്ന് ഘോഷ് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ക്കെതിരെയും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നടക്കുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെയും ചൊവ്വാഴ്ച സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ റാണി രാഷ്മോണി റോഡില്‍ മമതയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ ധര്‍ണയും നടക്കും. അതിനിടെ മുന്‍ എംഎല്‍എമാരും നിരവധി കൗണ്‍സിലര്‍മാരും രണ്ട് പ്രാദേശിക നേതാക്കളും അറസ്റ്റിലായി. അഴിമതി മുതല്‍ 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളില്‍ പങ്കെടുത്തതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ കൊലപാതക ശ്രമവും പൊതുപ്രവര്‍ത്തകരെ തടസ്സപ്പെടുത്തിയതും ഉള്‍പ്പെടുന്നു.
ഇന്നലെ രാവിലെ 7 മണിയോടെ നടന്ന റെയ്ഡിന് പിന്നാലെ റിലീഫ് സാമഗ്രികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പൂര്‍ബസ്താലി നോര്‍ത്ത് മുന്‍ എംഎല്‍എ തപന്‍ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 300 ടാര്‍പോളിനുകള്‍, റിലീഫ് പുതപ്പുകള്‍, ഫുട്‌ബോള്‍, വോളിബോള്‍, ജേഴ്‌സികള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ബംഗാള്‍ സൗത്ത് മുന്‍ എംഎല്‍എ ഖോകോണ്‍ ദാസിനെ യുപിയിലെ ഹാന്‍ഡിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരു ഭീഷണിപ്പെടുത്തല്‍ കേസിലും 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമക്കേസിലുമാണ് അറസ്റ്റ്. അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരായ ഉപരോധത്തിനിടെ പോലീസിനെ തടസ്സപ്പെടുത്തിയതിന് ചിന്‍സുറ മുന്‍ എംഎല്‍എ അസിത് മജുംദറിനെ അറസ്റ്റ് ചെയ്തു. ഹൂഗ്ലി-ചിന്‍സുറ മുനിസിപ്പല്‍ ചെയര്‍മാന്‍ സൗമിത്ര ഘോഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ പാര്‍ത്ഥ സാഹ, കൗണ്‍സിലര്‍മാരായ സമീര്‍ സര്‍ക്കാര്‍, രഞ്ജന്‍ റാഹ, നിര്‍മ്മല്‍ ചക്രബര്‍ത്തി എന്നിവരും ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായി. പശ്ചിമ മിഡ്നാപൂരില്‍, മിഡ്നാപൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ബിശ്വനാഥ് പാണ്ഡബ്, മകന്‍ പ്രസന്‍ജിത്ത്, മരുമകന്‍ എന്നിവരെ കൊലപാതക ശ്രമത്തിന് കോട്വാലി പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, ഒരു സ്ത്രീയെയും സഹോദരനെയും ആക്രമിച്ചെന്ന കേസില്‍ ബിധാനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ അസീസ് അല്‍ ഹുസൈന്‍ സിംഗ് നെയും പോലീസ് അറസ്റ്റ് ചെയ്തു.