Select Location
All Locations
State
Region
City / District
കോൺഗ്രസ് നടപ്പാക്കുന്നത് ബിജെപി നയങ്ങൾ: കർണാടകയിലെ എസ്എഫ്ഐ പ്രതിഷേധത്തിനെതിരായ വിലക്കിൽ പ്രതികരിച്ച് ആദർശ് എം സജി

കോൺഗ്രസ് നടപ്പാക്കുന്നത് ബിജെപി നയങ്ങൾ: കർണാടകയിലെ എസ്എഫ്ഐ പ്രതിഷേധത്തിനെതിരായ വിലക്കിൽ പ്രതികരിച്ച് ആദർശ് എം സജി

നീറ്റ് പരീക്ഷ പേപ്പർ ചോർച്ച എസ്എഫ്ഐ പ്രതിഷേധം വിലക്കിയ കർണാടക കോൺഗ്രസ് സർക്കാർ. ഇതിനെതിരെ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ സമരം നടത്താൻ പാടില്ലേ എന്ന് ആദർശ് എം സജി ചോദിച്ചു. കേരളത്തിലും കർണാടകയിലും ജയിച്ച കോൺഗ്രസ് നടപ്പാക്കുന്നത് ബിജെപി നയങ്ങൾ എന്നും ആദർശ് എം സജി ഫേസ്ബുക്ക് കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്; നീറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകത മൂലം രാജ്യത്തെ 22 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ നടക്കുകയാണ്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജൂൺ 1, 2, 3 തീയതികളിലായി വൻ വിദ്യാർത്ഥി പങ്കാളിത്തത്തോടെ സമരം സംഘടിപ്പിക്കാനും, അതോടൊപ്പം തന്നെ ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് 5 ലക്ഷം വിദ്യാർത്ഥികളുടെ ഒപ്പ് ശേഖരിക്കുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.

അതിന്റെ ഭാഗമായിട്ടാണ് ഇന്ന് ബാംഗ്ലൂരിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. നീറ്റ് പരീക്ഷയിൽ തുടർച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും,നടത്തിപ്പിലെ വീഴ്ചകൾക്കെതിരായും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന യു.ജി.സി നെറ്റ്, സി.യു.ഇ.ടി പരീക്ഷകളിൽ വലിയ ക്രമക്കേടുകൾ നടക്കുന്നതിനെതിരെയുമാണ് ഈ പ്രതിഷേധം. അതോടൊപ്പം തന്നെ കഴിഞ്ഞ 10 വർഷത്തിനിടയിൽ 89-ഓളം പരീക്ഷകളാണ് അസാധുവാക്കപ്പെട്ടത്. വിദ്യാർത്ഥികളുടെ ഭാവിയെത്തന്നെ തുലാസിലാക്കിയ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണ്ണയ രീതി ജനങ്ങൾ കണ്ടതാണ്; ഏകദേശം 17 ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഇത്തരത്തിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്നത് കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കർണാടകത്തിൽ വിലക്കിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് 4 മണിക്ക് നടത്താനിരിക്കുന്ന പ്രതിഷേധ സമരം നടത്താൻ പാടില്ല എന്ന് പറഞ്ഞ് കോൺഗ്രസിൻ്റെ പോലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ എത്രയൊക്കെ വിലക്കേർപ്പെടുത്തിയാലും എസ്.എഫ്.ഐ തീരുമാനിച്ച സമരം അവിടെ നടത്തിയിരിക്കും. തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിൻ പറഞ്ഞതുപോലെ, “ബി.ജെ.പി രാജ്യം ഭരിക്കാൻ കാരണം മോദിയോ അമിത് ഷായോ കാരണമല്ല, അത് കോൺഗ്രസ് കാരണമാണ് അവരുടെ നിലപാട് ഇല്ലായ്മയാണ്.” കേരളത്തിലേതുപോലെ കർണാടകത്തിലും തിരഞ്ഞെടുപ്പിൽ ജയിച്ചത് കോൺഗ്രസ് ആണെങ്കിലും ഭരിക്കുന്നത് ബി.ജെ.പിയുടെ നയങ്ങളാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ യുവജന-വിദ്യാർത്ഥി സംഘടനകളും രാജ്യത്താകമാനം നീറ്റ് പരീക്ഷയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ഉയർത്തിക്കാട്ടി നിരവധി സോഷ്യൽ മീഡിയ വീഡിയോകൾ ചെയ്യുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്; പക്ഷേ കേന്ദ്രസർക്കാരിനെതിരെ ശക്തമായി സമരം ചെയ്യാൻ അവർക്ക് താല്പര്യമില്ല. മറ്റേതെങ്കിലും വിദ്യാർത്ഥി സംഘടനകൾ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്താൽ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർ അത് അനുവദിക്കുകയുമില്ല.


Kairali News 1 hour ago
Home Flash News