കൊട്ടശ്ശേരി നിറഞ്ഞുകവിഞ്ഞ് അർജന്റീന; 80-ലധികം പേരുടെ കൂട്ടായ്മ ഒരുക്കിയത് 160 അടി നീളമുള്ള ഫ്ളെക്സ്
പാലക്കാട്: ''കളിക്കളത്തിലെ സിംഹരാജാവിന് ഞങ്ങൾ കൈയടിക്കും, കപ്പടിക്കുമ്പോൾ ആർപ്പുവിളിക്കും, മറിച്ചാണെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കും. ഇനി ആരൊക്കെവന്നാലും കാൽപ്പന്തിന്റെ ലോകത്ത് ഞങ്ങളുടെ ഹീറോ മെസ്സി മാത്രം...''
ലോകകപ്പ് ആവേശം മുറുകുന്നതിനിടെ കോങ്ങാട് കൊട്ടശ്ശേരി സീഡ് ഫാമിനു സമീപം അർജന്റീനയുടെ പടുകൂറ്റൻ ഫ്‌ളെക്‌സ് ഒരുക്കുന്ന തിരക്കിലാണ് ആരാധകർ. ആവേശംകൊണ്ട് കമന്ററിപോലെ മെസ്സിയുടെ നേട്ടങ്ങൾ യാസിർ എണ്ണിപ്പറഞ്ഞുതുടങ്ങിയപ്പോൾ കൂടെയുള്ളവർ ആർപ്പുവിളിച്ചു. ഈ ലോകകപ്പിനുശേഷം മെസ്സി പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന് അർജന്റീന ആരാധകരുടെ സമ്മാനമാണ് 160 അടി നീളമുള്ള ഫ്‌ളെക്‌സ്. ഫ്രണ്ട്‌സ് ക്ലബ്ബും നാട്ടുകാരിൽ ചിലരും ചേർന്ന 80-ലധികം പേരുടെ കൂട്ടായ്മയിലാണ് ഫ്‌ളെക്‌സ് ഒരുങ്ങിയത്.
സീഡ് ഫാമിനുസമീപം പ്രധാനപാതയിലാണ് ഫ്‌ളെക്‌സുള്ളത്. ഇതുകണ്ട് വാഹനങ്ങൾ നിർത്തും. ചിലരൊക്കെ മുന്നിൽനിന്ന് സെൽഫി എടുക്കുന്നുണ്ട്.
പ്രതിരോധനിര കാക്കാൻ വമ്പന്മാരൊക്കെയുണ്ടെന്നു പറയുമ്പോഴും ഏയ്ഞ്ചൽ ഡി മരിയ ഇത്തവണ കളിക്കളത്തിലില്ലാത്തതിന്റെ സങ്കടം ആരാധകർ പങ്കുവെച്ചു. ഡി മരിയയുടെ ചിത്രവും ഫ്‌ളെക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന് 140 അടി നീളമുള്ള ഫ്‌ളെക്‌സായിരുന്നു ഒരുക്കിയിരുന്നത്. ഇത്തവണ 60,000 രൂപവരെ ഫ്‌ളെക്‌സ് ഒരുക്കുന്നതിന് ചെലവായി. വിദേശത്തുള്ള സുഹൃത്തുക്കളും സഹായിച്ചു. ഇതിനിടെ മെസ്സിയോടുള്ള ആരാധനകൊണ്ട് സഹോദരന്റെ മകന് ലിയോ എന്ന് പേരിട്ടിരിക്കുകയാണെന്ന് ഷഹീർ പറഞ്ഞപ്പോൾ സ്ഥലത്ത് കൂട്ടച്ചിരിയായി. മഴ കനത്തതോടെ ഫ്‌ലെക്‌സിനു കൂടുതൽ സുരക്ഷ നൽകാനുള്ള ശ്രമത്തിലായിരുന്നു ഒപ്പമുള്ള ഷഹീദ്, മുബഷിർ, ഷാനിദ്, അക്ബർ, സുനൂപ് തുടങ്ങിയവരും.