Select Location
All Locations
State
Region
City / District
പിണറായിക്കെതിരായ ഇഡി റെയ്ഡ്: കോണ്‍ഗ്രസ്-ബിജെപി ബന്ധത്തെ കുറിച്ച് ചോദ്യം ഉയർത്തുന്നതെന്ന് കെജ്രിവാൾ

പിണറായിക്കെതിരായ ഇഡി റെയ്ഡ്: കോണ്‍ഗ്രസ്-ബിജെപി ബന്ധത്തെ കുറിച്ച് ചോദ്യം ഉയർത്തുന്നതെന്ന് കെജ്രിവാൾ

പിണറായി വിജയെതിരായ ഇഡി റെയ്ഡിൽ കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രസർക്കാർ ഏജൻസികളെ എൻഡിഎ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് റെയ്ഡ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തെ തകർക്കുന്ന നീക്കമാണിതെന്നും കെജ്‍രിവാൾ സോഷ്യൽമീഡിയ പോസ്റ്റിൽ പ്രതികരിച്ചു.

പ്രാദേശിക പാർട്ടികളെ ലക്ഷ്യം വെച്ച് ജനാധിപത്യത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്തുകൊണ്ട് ഇഡി അന്വേഷണം ഉണ്ടാകുന്നില്ലെന്ന് കോണ്‍ഗ്രസിൻ്റെ പരാതികൾക്ക് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്. ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചാണ് ഇത് വ്യക്തമാക്കുന്നത്', കെജ്രിവാൾ എക്സിൽ കുറിച്ചു.

റെയ്ഡിനെതിരെ തമിഴ്നാട് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്ന പ്രവണത വീണ്ടും ആശങ്ക ഉയർത്തുന്നതാണെന്ന് അദ്ദേഹം 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

"മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇ.ഡി. റെയ്ഡിൽ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ആയുധമാക്കപ്പെടുന്ന ഈ രീതി വീണ്ടും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. പിണറായി വിജയനെ ബി.ജെ.പി. എന്തുകൊണ്ട് ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ആവർത്തിച്ച് ചോദ്യം ചെയ്ത ചില കോൺഗ്രസ് നേതാക്കളുടെ അശ്രദ്ധമായ ആരോപണങ്ങളുടെ പൊള്ളത്തരം ഈ നടപടി തുറന്നുകാട്ടുന്നു," എന്നാണ് സ്റ്റാലിൻ കുറിച്ചത്

അതേസമയം റെയ്ഡിനെതിരെ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. കോടതി തന്നെ പലതവണ പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്. വീണയുടെ അച്ഛനായിപ്പോയി എന്നതിന് വരെ ആക്രമിക്കുകയാണ്.

മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ അടുത്ത ദിവസം തന്നെ നടക്കുന്ന ഈ പരിശോധനയെ രാഷ്ട്രീയ നാടകം എന്നല്ലാതെ മറ്റെങ്ങനെയാണ് വിലയിരുത്തേണ്ടത്. സിഎംആർഎലിന്റെ ഡയറിയിൽ കണ്ട പല പേരുകളിലുള്ളവരും ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ ഇരിക്കുകയാണ്, എന്നാൽ അതിനോടൊക്കെ കണ്ണടച്ചിട്ട് സ. പിണറായി വിജയന്റെ പിറകെ തിരിയുന്നത് കൃത്യമായ രാഷ്ട്രീയ പകപോക്കലാണ്. പരിശോധനയെ യാതൊരു വിധത്തിലും തടയില്ല. എന്നാൽ ഈ രാഷ്ട്രീയ നാടകത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം തന്നെ നടത്തും', ഗോവിന്ദൻ പറഞ്ഞു.


One India Malayalam 1 hour ago
Home Flash News