Select Location
All Locations
State
Region
City / District
'സൗദിയും പാകിസ്ഥാനും ഉൾപ്പെടെ ഇസ്രയേലിനെ അം​ഗീകരിക്കണം'; പുതിയ ഉടമ്പടി മുന്നോട്ടുവെച്ച് ട്രംപ്

'സൗദിയും പാകിസ്ഥാനും ഉൾപ്പെടെ ഇസ്രയേലിനെ അം​ഗീകരിക്കണം'; പുതിയ ഉടമ്പടി മുന്നോട്ടുവെച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകളെ അനിശ്ചിതത്വത്തിലാക്കി, പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇറാനുമായിട്ടുള്ള ഭാവി കരാറുകളെല്ലാം എബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്.

പശ്ചിമേഷ്യയിലുടനീളമുള്ള സഖ്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഒരു വലിയ ഭൗമരാഷ്ട്രീയ നീക്കമായാണ് ട്രംപിന്റെ എബ്രഹാം ഉടമ്പടിയെ കാണുന്നത്. ഇറാനുമായുള്ള ചര്‍ച്ചകളെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നതിനിടെയാണ്, ട്രംപിന്റെ പുതിയ നീക്കം. ഇറാനുമായുള്ള ഏതൊരു കരാറും ഒന്നുകില്‍ 'അര്‍ത്ഥവത്തായതായിരിക്കും' അല്ലെങ്കില്‍ 'ഒരു കരാറും ഉണ്ടാകില്ല' എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുക, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായി ഉപേക്ഷിക്കുക, യുഎസ് ആക്രമങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാന് നഷ്ടപരിഹാരം നല്‍കില്ല തുടങ്ങിയ കടുത്ത നിബന്ധനകള്‍ക്ക് പുറമെയാണ് ട്രംപ് പുതിയ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ഇതോടെ സമാധാന ചര്‍ച്ചകളുടെ ഭാവി ലോകം ഉറ്റുനോക്കുകയാണ്.

എന്താണ് 'എബ്രഹാം ഉടമ്പടി'? ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുക ലക്ഷ്യമിട്ട് ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന നയതന്ത്ര ചട്ടക്കൂടാണ് അബ്രഹാം ഉടമ്പടി. 2020ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 'എബ്രഹാം ഉടമ്പടി' കൊണ്ടു വരുന്നത്. മുസ്ലിം രാജ്യങ്ങളുമായി യുഎസ് മധ്യസ്ഥതയിലുള്ള കരാര്‍ ആണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍ എന്നിവയില്‍ തുടങ്ങി ഇസ്രയേലിനും നിരവധി അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര സാധാരണത്വം സ്ഥാപിച്ച കരാറുകളുടെ കൂട്ടമാണ് അബ്രഹാം ഉടമ്പടികള്‍. യഹൂദമതം, ഇസ്ലാം, ക്രിസ്തുമതം എന്നിവയിൽ കേന്ദ്രബിന്ദുവായ ഗോത്രപിതാവ് 'അബ്രഹാമിന്റെ' പേരിലാണ് കരാറുകൾ അറിയപ്പെടുന്നത്. പൈതൃകത്തെയും പ്രാദേശികമായ സഹവർത്തിത്വത്തിനായുള്ള പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്നതിനാണ് ഈ പേര് നൽകിയിരിക്കുന്നത്.

 എബ്രഹാം ഉടമ്പടികൾ ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് ഇറാനെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു. നയതന്ത്ര തലത്തിൽ പ്രാദേശിക സമാധാനം, സാമ്പത്തിക അഭിവൃദ്ധി, മതപരമായ സഹിഷ്ണുത എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയതെങ്കിലും, ടെഹ്‌റാന്റെ (ഇറാന്റെ) പ്രാദേശിക സ്വാധീനത്തെ ചെറുക്കുന്നതിനായി ഇസ്രയേലും സുന്നി അറബ് രാജ്യങ്ങളും തമ്മിൽ യുഎസ് പിന്തുണയോടെയുള്ള ഒരു സഖ്യം ഔപചാരികമാക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യഥാർത്ഥ തന്ത്രപരമായ ലക്ഷ്യം. യുഎഇ, ബഹ്റൈന്‍, മൊറോക്കോ, സുഡാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് ഇതിനകം എബ്രഹാം ഉടമ്പടിയുടെ ഭാഗമായിട്ടുള്ളത്. സൗദി അറേബ്യ, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി ഉടമ്പടി സംബന്ധിച്ച് താന്‍ സംസാരിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി യുഎസ് നടത്തിയ ശ്രമങ്ങള്‍ കണക്കിലെടുത്ത് ഈ രാജ്യങ്ങളെല്ലാം എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.

ഈ ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക -സാമൂഹിക പുരോഗതി ഉണ്ടായതായും ട്രംപ് അവകാശപ്പെട്ടു. ഉടമ്പടിയില്‍ പൂര്‍ണമായ തോതില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ, മേഖലയില്‍ ശാശ്വത സമാധാനം വരുമെന്നും ട്രംപ് പറയുന്നു. ഉടമ്പടിയുടെ ഭാഗമാകാന്‍ ഇറാനോടും ട്രംപ് ആവശ്യപ്പെട്ടു. ഒന്നുകില്‍ എല്ലാവര്‍ക്കും ലാഭകരമായ വലിയൊരു കരാര്‍, അല്ലെങ്കില്‍ വീണ്ടും ശക്തമായ യുദ്ധമുഖത്തേക്ക് എന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നല്‍കുന്നു. അതേസമയം പലസ്തീന്‍ പ്രശ്‌നത്തിന് 'ദ്വിരാഷ്ട്ര പരിഹാരം' ഉണ്ടായാല്‍ മാത്രമേ എബ്രഹാം ഉടമ്പടിയുടെ ഭാഗമാകൂ എന്ന് സൗദി അറേബ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.


Smacy News 56 minutes ago
Home Flash News