Select Location
All Locations
State
Region
City / District
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: ശക്തമായ പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്ഐ

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: ശക്തമായ പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്ഐ

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, കലാലയങ്ങളിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളെ നിരോധിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. സർവ്വകലാശാലകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കേരള ഗവർണറുടെ നിർദ്ദേശം അങ്ങേയറ്റം വിചിത്രവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.

മലയാള സർവ്വകലാശാലയിൽ ഇത്തരമൊരു ഉത്തരവ് നിലവിൽ വന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ സർവ്വകലാശാലകളിലും സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോപിച്ചു. ക്യാമ്പസുകളിൽ നിന്ന് വിദ്യാർത്ഥി സംഘടനകളെ പുറത്താക്കി സംഘപരിവാറുകാരെ എല്ലാ തലങ്ങളിലും തിരുകി കയറ്റാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ കലാലയങ്ങൾ ഉറച്ച മതനിരപേക്ഷ ബോധ്യമുള്ളവയാണെന്നും, എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും അവിടെ പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും എസ്എഫ്ഐ വ്യക്തമാക്കി. ഗവർണറുടെ ഈ നീക്കങ്ങൾക്കെതിരെ ലോക് ഭവനിലേക്ക് (രാജ് ഭവൻ) മാർച്ച് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകർച്ചയെയാണ് നേരിടുന്നത്. നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സാധാരണക്കാരായ വിദ്യാർത്ഥികളുടെ വിശ്വാസ്യത തകർത്തിരിക്കുകയാണ്. സിബിഎസ്ഇ പ്ലസ് ടു ഫലങ്ങളിൽ മികച്ച വിജയം നേടുന്നവർ പോലും പരാജയത്തിന്റെ വക്കിലെത്തുന്ന സാഹചര്യം നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. നീറ്റ് ക്രമക്കേടുകൾക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തും മറ്റും തുടർ സമരങ്ങൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

ധീരജ് വധക്കേസിലെ പ്രതിയായ നിഖിൽ പൈലിയെ ഡിസിസി (DCC) മെമ്പറാക്കിയ കോൺഗ്രസ് നടപടിക്കെതിരെയും രൂക്ഷമായ വിമർശനം ഉയർന്നു. ഒരു കൊലപാതകിയെ നേതാവാക്കുന്നതിലൂടെ കോൺഗ്രസ് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എസ്എഫ്ഐ ചോദിക്കുന്നു. അധികാരത്തിലെത്തി വെറും രണ്ട് ദിവസത്തിനുള്ളിലാണ് ഈ നടപടിയുണ്ടായതെന്നും ഇത് പ്രതിഷേധാർഹമാണെന്നും സഞ്ജീവ് പറഞ്ഞു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളും നവാഗതർക്കുള്ള സ്വീകരണ പരിപാടികളും എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടക്കും. കൂടാതെ, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ക്യാമ്പയിൻ എറണാകുളത്ത് വച്ച് ഉദ്ഘാടനം ചെയ്യുമെന്നും സംഘടന അറിയിച്ചു.


Kairali News 1 hour ago
Home Flash News