ലോകകപ്പ് വേദി യുഎസിൽനിന്ന് മെക്സിക്കോയിലേക്ക് മാറ്റി ഇറാൻ
ഇറാൻ ഫുട്ബോൾ ടീം തങ്ങളുടെ ലോകകപ്പ് പരിശീലന ക്യാമ്പ് അമേരിക്കയിലെ അരിസോണയിൽ നിന്ന് മെക്സിക്കോയിലെ അതിർത്തി നഗരമായ ടിജുവാനയിലേക്ക് (Tijuana) മാറ്റി. ഫിഫയുടെ അംഗീകാരത്തോടെയാണ് തീരുമാനം. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വിസ പ്രശ്നങ്ങളും യാത്രാ സൗകര്യവും ചൂണ്ടിക്കാട്ടിയാണ് ക്യാമ്പ് മാറ്റം. അമേരിക്കയും ഇസ്രയേലും ഉൾപ്പെട്ട യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിസ ലഭിക്കുന്നതിലുണ്ടായ സങ്കീർണ്ണതകൾ ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഇറാൻ എയർ വിമാനങ്ങളിൽ ടീമിന് നേരിട്ട് ടിജുവാനയിലേക്ക് എത്താൻ സാധിക്കും
ടിജുവാനയിൽ നിന്ന് ഇറാന്റെ മത്സരവേദിയായ ലോസ് ഏഞ്ചൽസിലേക്ക് വിമാനമാർഗം 55 മിനിറ്റ് മാത്രമാണ് യാത്രാദൂരമുള്ളത്. ഇത് നേരത്തെ നിശ്ചയിച്ചിരുന്ന അരിസോണയേക്കാൾ സൗകര്യപ്രദമാണെന്ന് മെഹ്ദി താജ് വ്യക്തമാക്കി. അതേസമയം വിസ ഉറപ്പാക്കുന്നതിനൊപ്പം ടീമിനുള്ള സുരക്ഷയും മികച്ച രീതിയിലുള്ള പരിഗണനയും ഉറപ്പുവരുത്താൻ ഫിഫയോട് ഇറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് ജിയിൽ ഇറാൻ ആദ്യ രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിൽ കളിക്കും. ജൂൺ 15 ന് ന്യൂസിലൻഡിനെയും ജൂൺ 21 ന് ബെൽജിയത്തെയും ജൂൺ 26ന് സിയാറ്റിലിൽ ഈജിപ്തിനെയും നേരിടും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള യാത്രാ, സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി മാസങ്ങളായി ഇറാൻ ടീം അനിശ്ചിതത്വം നേരിട്ടിരുന്നു.
നിലവിൽ ടീം തുർക്കിയിൽ പരിശീലനത്തിലാണ്. മെയ് 29-ന് ഗാംബിയയുമായി ഇറാൻ ഒരു സൗഹൃദ മത്സരം കളിക്കും. ഇതിനുശേഷം ജൂൺ 1-ഓടെ 26 അംഗ അന്തിമ സ്ക്വാഡിനെ കോച്ച് അമീർ ഘലെനോയ് പ്രഖ്യാപിക്കും. ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.