Select Location
All Locations
State
Region
City / District
സൗദിയിൽനിന്ന് ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 14,855 പേരെ

സൗദിയിൽനിന്ന് ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 14,855 പേരെ

റിയാദ് ∙ സൗദി അറേബ്യയിൽ നിയമലംഘനങ്ങൾക്ക് പിടിയിലായ 14,855 പേരെ ഒരാഴ്ചയ്ക്കിടെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾക്ക് വിവിധ കാലഘട്ടങ്ങളിൽ പിടിയിലായവരെയാണ് നാടുകടത്തിയത്.

ഏപ്രിൽ 23 മുതൽ ഏപ്രിൽ 29 വരെയുള്ള പരിശോധനയിൽ 11,300 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 6,244 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,543 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 1,513 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്.

രാജ്യത്തേക്ക് അതിർത്തി കടന്ന് പ്രവേശിക്കാൻ ശ്രമിച്ച 1,330 പേരെ പിടികൂടി. നിയമലംഘകരിൽ 54% പേർ ഇത്യോപ്യക്കാരും 43% പേർ യമനികളും 3% ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 51 പേർ പിടിയിലായി. നിയമലംഘകർക്ക് താമസസൗകര്യവും ഗതാഗതവും നൽകി സഹായിച്ച 14 പേരെ അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരിൽ 4,337 പേരുടെ യാത്രാ രേഖകൾ ലഭ്യമാക്കാൻ അതതു രാജ്യങ്ങളിലെ എംബസിയോട് ആവശ്യപ്പെട്ടു. നിയമലംഘകർക്ക് അഭയം നൽകുകയോ ഗതാഗത സൗകര്യമോ മറ്റ് സഹായങ്ങളോ ഒരുക്കുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവരെ സഹായിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും ബാക്കി സ്ഥലങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കാൻ അഭ്യർഥിച്ചു.


Manorama News 1 hour ago
Home Flash News