ദുബായ്-അബുദാബി യാത്രയ്ക്ക് ചെലവേറും; ഓരോ യാത്രയ്ക്കും ടോൾ
അബുദാബി ∙ അബുദാബി എമിറേറ്റിൽ പുതിയ 2 ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനം ആരംഭിച്ചതോടെ ദുബായ്-അബുദാബി-ദുബായ് യാത്രയ്ക്ക് ഇന്നു മുതൽ ചെലവേറും. ദുബായ്-അബുദാബി ഹൈവേയിൽ ഗന്തൂത്തിലും ഷെയ്ഖ് സായിദ് സ്ട്രീറ്റിലുമാണ് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചത്.
ഇതോടെ അബുദാബിയിലെ ടോൾ ഗേറ്റുകളുടെ എണ്ണം 6 ആയി ഉയർന്നു. ഇതിൽ പുതുതായി ഏർപ്പെടുത്തിയ ടോൾ ഗേറ്റുകൾ 24 മണിക്കൂറും ടോൾ ഈടാക്കും. ഓരോ തവണ ഗേറ്റ് കടന്നുപോകുമ്പോഴും 4 ദിർഹം വീതമാണ് ഈടാക്കുക. എന്നാൽ അബുദാബി നഗരകവാടങ്ങളിലുള്ള ടോൾ ഗേറ്റുകൾ രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ മാത്രമേ ടോൾ ഈടാക്കൂ. ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് ശൃംഖലയുടെ കാര്യക്ഷമത കൂട്ടാനുമായാണ് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ (ഭിന്നശേഷിക്കാർ), കുറഞ്ഞ വരുമാനമുള്ള സ്വദേശികൾ, വിരമിച്ച സ്വദേശികൾ എന്നിവർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു വാഹനത്തിന് ടോൾ ഇളവുണ്ട്.