ബംഗാളിൽ ആദ്യ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ടാഗോറിന്റെ ജന്മദിനമായ മെയ് 9ന്
നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ (രവീന്ദ്ര ജയന്തി) മെയ് 9ന് പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാർ അധികാരമേൽക്കും
പശ്ചിമ ബംഗാളിലെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 9ന് നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. രവീന്ദ്ര ജയന്തി ദിനത്തിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് സംസ്ഥാനത്ത് ഒരു പുതിയ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് ഫലം
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി ബംഗാളിൽ ഐതിഹാസിക വിജയം നേടി. 294 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട 148 എന്ന കടമ്പ കടന്ന് 206 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ടിഎംസിക്ക് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേന്ദ്രം ഭരിക്കുന്ന അതേ പാർട്ടി ബംഗാളിലും അധികാരത്തിൽ വരുന്നത് എന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമർഹിക്കുന്നു.