Select Location
All Locations
State
Region
City / District
ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

കേരളം ഉള്‍പ്പെടെ അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍, കേന്ദ്രം ഭരിക്കുന്ന ബിജെപി-എന്‍ഡിഎ സഖ്യം നേടിയ വിജയം ചരിത്രപരമാണ്. പതിനഞ്ച് വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപി ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷം നേടിയത് പുതിയൊരു രാഷ്‌ട്രീയ യുഗത്തിന്റെ പിറവിയാണ്. മമതാ ബാനര്‍ജിയുടെ സ്വേച്ഛാധിപത്യം ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ബിജെപി നടത്തിയ പടയോട്ടം അഴിമതിയുടെയും അക്രമത്തിന്റെയും വര്‍ഗീയ പ്രീണനത്തിന്റെയും തേര്‍വാഴ്ചയ്‌ക്ക് അന്ത്യം കുറിച്ചു. ബംഗാളില്‍ വീണ്ടും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഒരുമിച്ച് മത്സരിച്ച കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരിക്കല്‍ കൂടി ദയനീയമായി തോറ്റു. പത്ത് വര്‍ഷമായി ഭരണത്തില്‍ തുടരുന്ന അസമിലും ബിജെപി ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസിന് വീണ്ടും കനത്ത പരാജയമാണ് സംഭവിച്ചത്. അധികാരത്തുടര്‍ച്ച സ്വപ്‌നം കണ്ട് മകന്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാമെന്ന് വ്യാമോഹിച്ച എം. കെ. സ്റ്റാലിന്റെ ഡിഎംകെയെ തമിഴ് ജനത കയ്യൊഴിഞ്ഞു. നടന്‍ വിജയ് രൂപീകരിച്ച ടിവികെ എന്ന പുതിയ പാര്‍ട്ടി അപ്രതീക്ഷിത വിജയം നേടിയിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷമില്ല.

തമിഴ് നാട്ടില്‍ എന്‍ഡിഎ പിന്തുണയ്‌ക്കുന്ന ടിവികെ സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് എല്ലാ സാധ്യതയും. തമിഴ് രാഷ്‌ട്രീയത്തില്‍ ഡിഎംകെയുടെ കുടുംബാധിപത്യത്തിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. ഘടകകക്ഷികളുടെ ചുമലിലിരുന്ന് അധികാരം നുണയാനുള്ള കോണ്‍ഗ്രസിന്റെ മോഹവും തമിഴ്‌നാട്ടില്‍ പൊലിഞ്ഞു. പുതുച്ചേരിയിലും ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം അധികാരത്തുടര്‍ച്ച നേടി. അവിടെയും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തെ ജനങ്ങള്‍ നിരാകരിച്ചു. കേരളത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു എന്നതിനേക്കാള്‍ പത്തുവര്‍ഷമായി അധികാരത്തിലിരുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും ദയനീയ തോല്‍വി സംഭവിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ വിജയമായി വിലയിരുത്താനാവില്ല. അങ്ങേയറ്റം അഴിമതിയും അക്രമവും നിറഞ്ഞ ഒരു ഭരണത്തോട് ജനങ്ങള്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് അതിന്റെ ഗുണഭോക്താവായി മാറുകയായിരുന്നു. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ദുര്‍ഭരണവും സ്വേച്ഛാധിപത്യവുമാണ് അധികാരം കോണ്‍ഗ്രസിന് ഒരു വെള്ളിത്തളികയില്‍ വച്ച് നല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും തോറ്റുപോയതും ഇതുകൊണ്ടാണ്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയതയുടെയും മതമൗലികവാദത്തിന്റെയും വിജയംകൂടിയാണ് കോണ്‍ഗ്രസ് നേടിയിരിക്കുന്നത്. ഇതിന്റെ തിക്തഫലം ജനങ്ങള്‍ അനുഭവിക്കേണ്ടിവരും.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയവും ധാര്‍മികവുമായ വിജയം നേടിയത് ബിജെപിയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴക്കൂട്ടത്തും, ബി.ബി.ഗോപകുമാര്‍ ചാത്തന്നൂരും നേടിയ വിജയങ്ങളുടെ അത്രത്തോളം തിളക്കം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. ഐക്യകേരളത്തിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ ഒ.രാജഗോപാലിലൂടെ ഒരിക്കല്‍ മാത്രമാണ് ബിജെപി ജയിച്ചിട്ടുള്ളത്. പരസ്പരം ഒത്തുകളിച്ച് ഈ അക്കൗണ്ട് പൂട്ടിച്ചതില്‍ അഭിമാനിക്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസും. ബിജെപി ജയിക്കാതിരിക്കാന്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലും യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഈ പാര്‍ട്ടികള്‍ ഒത്തുകളിച്ചു. ഇപ്പോള്‍ നേമത്തു നിന്നുതന്നെ ബിജെപിക്ക് എംഎല്‍എ ഉണ്ടായിരിക്കുന്നതും, രണ്ടിടത്തു കൂടി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതും സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ‘ഇന്‍ഡി’ മുന്നണിയോടുള്ള മധുരപ്രതികാരമാണ്. കേരളത്തില്‍ ബിജെപി ഒരറ്റത്തുനിന്ന് തുടങ്ങിയിരിക്കുകയാണ്. ആദ്യം നേമത്ത് വിജയക്കൊടി നാട്ടി. ഇപ്പോഴിതാ നേമത്ത് വിജയം തിരിച്ചുപിടിക്കുകയും, മറ്റ് രണ്ടിടങ്ങളില്‍ കൂടി എംഎല്‍എമാരെ സൃഷ്ടിക്കുകയും ചെയ്തിക്കുന്നു. ഇടത്- വലത് മുന്നണികളുടെ ജനദ്രോഹ നയങ്ങളെയും ദേശവിരുദ്ധ നടപടികളെയും നിയമസഭയില്‍ തുറന്നുകാണിക്കാന്‍ ഈ മൂന്നുപേര്‍ ധാരാളം മതി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദേശസ്‌നേഹത്തിന്റെ രാഷ്‌ട്രീയത്തെയും ജനക്ഷേമ പരിപാടികളെയും അട്ടിമറിക്കുന്നത് കേരളത്തിന്റെ നിയമനിര്‍മാണ സഭയില്‍ തുറന്നു കാണിക്കാന്‍ ബിജെപിയുടെ ഈ ജനപ്രതിനിധികള്‍ക്ക് കഴിയും. അവര്‍ക്കേ കഴിയൂ.

ഇതൊരു തുടക്കമാണ്, മഹത്തായ തുടക്കം. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും പോലെ കേരളവും കാവിയണിയുകയാണ്. ഇപ്പോള്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളതെങ്കിലും നിരവധി മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതാണ്. ഇതൊരു വലിയ രാഷ്‌ട്രീയ നിക്ഷേപമാണ്. ഒരുകാലത്ത് ബിജെപിക്ക് വിജയം സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ആവര്‍ത്തിച്ച് ഭരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ കോട്ടകളായിരുന്ന ത്രിപുരയും പശ്ചിമബംഗാളും പിടിച്ചടക്കിയിരിക്കുന്നു. ഈ വിജയത്തേരോട്ടം കേരളത്തിന്റെ അതിര്‍ത്തിയില്‍ തടഞ്ഞുനിര്‍ത്താമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലായിരിക്കും. ഇടതും വലതും രണ്ടല്ല, ഒന്നാണെന്ന മുദ്രാവാക്യമണല്ലോ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി-എന്‍ഡിഎ സഖ്യം മുന്നോട്ടു വച്ചത്. ഇത് ശരിവയ്‌ക്കുന്ന ഭരണമായിരിക്കും യുഡിഎഫിന്റേത്. ഈ സത്യം തിരിച്ചറിയുന്ന ജനങ്ങള്‍ ബിജെപിയുടെ പാതയില്‍ അണിനിരക്കുന്ന കാലം അതിവിദൂരമല്ല.


Janmabhumi 1 hour ago
Home Flash News