ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു
3,500 മുതൽ 4,000 കിലോമീറ്റർ വരെ പരിധിയുള്ള അഗ്നി-IV, ഇന്ത്യയുടെ തന്ത്രപ്രധാനമായ ആണവ പ്രതിരോധ ശേഷിയുടെ നിർണ്ണായക ഭാഗമാണ്. രണ്ട് ഘട്ടങ്ങളുള്ളതും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഈ മിസൈലിന് 1,000 കിലോഗ്രാം ഭാരമുള്ള യുദ്ധമുന വഹിക്കാൻ ശേഷിയുണ്ട്.
ന്യൂദല്‍ഹി: ബംഗാൾ ഉൾക്കടലിന്റെ വിശാലമായ ഭാഗങ്ങളെ അപായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ഭാരതം നോട്ടാം (Notice to Airmen – NOTAM) പുറപ്പെടുവിച്ചു. ദീർഘദൂര മിസൈൽ പരീക്ഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. 2026 ഏപ്രിൽ 25 മുതൽ മെയ് 6 വരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. ഏകദേശം 3,550 കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാതയാണ് പരീക്ഷണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകളെന്നാണ് വിലയിരുത്തുന്നത്. വിക്ഷേപണ പാതയും ഒഴിവാക്കപ്പെട്ട മേഖലയും വിലയിരുത്തുമ്പോൾ ഇത് അഗ്നി-IV മിസൈലിന്റെ പരീക്ഷണമാകാനാണ് സാധ്യതയെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. 3,500 മുതൽ 4,000 കിലോമീറ്റർ വരെ പരിധിയുള്ള അഗ്നി-IV, ഇന്ത്യയുടെ തന്ത്രപ്രധാനമായ ആണവ പ്രതിരോധ ശേഷിയുടെ നിർണ്ണായക ഭാഗമാണ്. രണ്ട് ഘട്ടങ്ങളുള്ളതും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഈ മിസൈലിന് 1,000 കിലോഗ്രാം ഭാരമുള്ള യുദ്ധമുന വഹിക്കാൻ ശേഷിയുണ്ട്.
2025 മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പരീക്ഷണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി ഇതിനെ വാർഷികവുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാരതത്തിന്റെ സന്നദ്ധതയും ശേഷിയും വിളിച്ചോതുന്ന ഒന്നായിരിക്കും ഈ വിക്ഷേപണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ തങ്ങളുടെ മിസൈൽ ശേഖരം പരീക്ഷിക്കുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്. സബ്മറൈൻ ലോഞ്ച്ഡ് കെ-4 (K-4), ഹൈപ്പർസോണിക് എൽആർആഷ്എം എന്നിവയ്‌ക്കൊപ്പം അഗ്നി ശ്രേണിയും ഭാരതത്തന്റെ പ്രതിരോധ നയത്തിന്റെ നട്ടെല്ലാണ്. കൂടാതെ 800 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. 2027 അവസാനത്തോടെ ഇത് സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്താണ് നോട്ടാം എന്നറിയാം: സൈനിക ആവശ്യങ്ങൾക്കോ ഉയർന്ന റിസ്കുള്ള പ്രവർത്തനങ്ങൾക്കോ വേണ്ടി സിവിൽ വിമാനങ്ങൾക്ക് ആകാശപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴാണ് നോക്കാം പുറപ്പെടുവിക്കുന്നത്. മുൻപ് പാകിസ്ഥാനുമായുള്ള സംഘർഷ സമയങ്ങളിലും മറ്റും ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇത് നിലവിലുള്ളപ്പോൾ സിവിൽ വിമാനങ്ങൾക്ക് ഈ മേഖലയിൽ പ്രവേശനം ഉണ്ടാകില്ല. മിസൈലുകൾ, ഡ്രോണുകൾ, സൈനിക വിമാനങ്ങൾ എന്നിവയ്‌ക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനും മറ്റ് അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.