Kerala Election Result: ആർഎസ്‌പിയുടെ തിരിച്ചുവരവ്; ഷിബു ബേബി ജോൺ വീണ്ടും സഭയിലേക്ക്, വൻ നേട്ടം!
കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി യുഡിഎഫ് ഭരണത്തിലേറുമ്പോൾ ഏറ്റവും ആഹ്ലാദിക്കുന്ന കൂട്ടരിൽ ഒന്നാണ് ആർഎസ്‌പി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംപൂജ്യരായി കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായി മാറിയ ആർഎസ്‌പി പക്ഷേ ഇക്കുറി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇക്കുറി 3 സീറ്റുകളിലാണ് നിലവിൽ ആർഎസ്‌പി ലീഡ് ചെയ്യുന്നത്. ഇത് മികച്ച പ്രകടനം തന്നെയാണ്.
2021-ലെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള ഈ തിരഞ്ഞെടുപ്പ്, യുഡിഎഫ് എന്ന മുന്നണിയിൽ പാർട്ടിയുടെ പ്രസക്തി വീണ്ടെടുക്കാനുള്ള അവസരമായാണ് നേതാക്കൾ കണ്ടത്. തീരദേശ മണ്ഡലങ്ങളിലെ നിരാശരായ വോട്ടർമാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാനും ആർഎസ്‌പി ലക്ഷ്യമിട്ടപ്പോൾ അത് ഫലം കണ്ടുവെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ആർഎസ്‌പിയുടെ വെല്ലുവിളി 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനത്തിൽ നിന്നാണ് ആരംഭിക്കുന്നത്. യുഡിഎഫ് സഖ്യത്തിന്റെ ഭാഗമായി അഞ്ച് സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നുപോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഏകദേശം 1.17 ശതമാനം വോട്ട് നേടി പാർട്ടിയുടെ പരിമിതമായ സ്വാധീനം വ്യക്തമാക്കിയപ്പോൾ ഇക്കുറി അതൊക്കെ മാറിമറിഞ്ഞിരിക്കുകയാണ്.
18,415 എന്ന വൻ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. ഏറെക്കാലത്തിന് ശേഷമുള്ള ഈ മുന്നേറ്റം ആർഎസ്‌പിക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. മൂന്ന് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം തന്നെയാണ് ആർഎസ്‌പിയെ കാത്തിരിക്കുന്നത്.
ചവറയ്ക്ക് പുറമെ കുന്നത്തൂർ, ഇരവിപുരം മണ്ഡലങ്ങളിലാണ് ആർഎസ്‌പി മുന്നിട്ട് നിൽക്കുന്നത്.
പ്രാദേശിക തലത്തിലെ ദുർബലമായ സംഘടനാ സംവിധാനങ്ങൾ മുൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് പാർട്ടി നേതൃത്വം തന്ന അംഗീകരിരിച്ചിരുന്നു. വാർഡ് തലത്തിലുള്ള ഘടനകൾ ശക്തിപ്പെടുത്തുകയും സജീവമായ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്യുന്നത് ഫലപ്രദമായ തിരിച്ചു വരവിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പാർട്ടി അത് നടപ്പാക്കിയാണ് ഇപ്പോൾ വിജയം കൊയ്യുന്നത്.
അഞ്ച് വർഷം കൊണ്ട് വലിയ മാറ്റം
ഏറ്റവും ഒടുവിൽ സൂചന ലഭിക്കുമ്പോൾ ഇരവിപുരത്ത്, അഡ്വ. വിഷ്‌ണു മോഹൻ (ആർഎസ്‌പി) 57,753 വോട്ടുകളോടെ മുന്നിട്ടുനിൽക്കുകയാണ്. സിപിഎം സ്ഥാനാർത്ഥി എം നൗഷദിന് 49,080 വോട്ടുകളാണ് ലഭിച്ചത്. വിഷ്‌ണു മോഹന് 8,673 വോട്ടിന്റെ ഭുരിപക്ഷമുണ്ട്. 14 റൗണ്ടുകളിൽ 12 എണ്ണം പൂർത്തിയായ സാഹചര്യത്തിൽ, ജയം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
കൊല്ലത്തെ പട്ടികജാതി സംവരണ മണ്ഡലമായ കുന്നത്തൂരിൽ ആർഎസ്‌പിക്ക് ഇതിലും വലിയ ഭൂരിപക്ഷമാണുള്ളത്.
ആർഎസ്‌പി സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ 61,501 വോട്ടുകൾ നേടി. നിലവിലെ എംഎൽഎയും കേരള റെവല്യൂഷണറി സോഷ്യലിസ്‌റ്റ് പാർട്ടി (ലെനിനിസ്‌റ്റ്-മാർക്‌സിസ്‌റ്റ്) പ്രതിനിധിയുമായ കോവൂർ കുഞ്ഞുമോനെക്കാൾ 20,268 വോട്ടുകളുടെ ലീഡാണ് ഇദ്ദേഹത്തിനുള്ളത്. ഇവിടെയും 12 റൗണ്ടുകൾ പൂർത്തിയാക്കി.
ഈ തിരഞ്ഞെടുപ്പ് പ്രവണതകൾ 2021-ലെ സാഹചര്യങ്ങളിൽ നിന്ന് വലിയ മാറ്റം സൂചിപ്പിക്കുന്നു. അഞ്ച് വർഷം മുൻപ്, ഇരവിപുരത്ത് സിപിഐ(എം) നേതാവ് എം നൗഷദ് 71,573 വോട്ടുകൾ നേടിയിരുന്നു.
അന്ന് ആർഎസ്‌പിയുടെ ബാബു ദിവാകരനെ 28,121 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നൗഷാദ് വിജയിച്ചത്. ആ സമയത്ത് ഈ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെട്ടിരുന്നത്.
2021-ൽ കുന്നത്തൂരിലെ കഥയും വ്യത്യസ്‌തമായിരുന്നുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ അന്ന് 69,436 വോട്ടുകൾ നേടി വിജയിച്ചു. ആർഎസ്‌പി സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനെ (66,646 വോട്ടുകൾ) 2,790 വോട്ടുകൾക്ക് മാത്രമാണ് അന്ന് പരാജയപ്പെടുത്തിയത്. എന്നാൽ നിലവിലെ ഭൂരിപക്ഷം ഇതിനേക്കാൾ വളരെ വളരെ വലുതാണ്.