Select Location
All Locations
State
Region
City / District
പാസ്പോർട്ട് പുതുക്കിയാൽ അറിയിക്കണം, ഫീസ് ഘടന ഏകീകരിച്ചു; ഒസിഐ ചട്ടങ്ങളിൽ വൻ മാറ്റം, കൂടുതൽ കർശനം!

പാസ്പോർട്ട് പുതുക്കിയാൽ അറിയിക്കണം, ഫീസ് ഘടന ഏകീകരിച്ചു; ഒസിഐ ചട്ടങ്ങളിൽ വൻ മാറ്റം, കൂടുതൽ കർശനം!

ലണ്ടൻ∙ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായ പുതിയ ചട്ടങ്ങൾ വിദേശ പൗരത്വം നേടിയ ഇന്ത്യക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തും.

ആഗോള തലത്തിൽ ഒസിഐ ഫീസ് ഘടന ഏകീകരിക്കുകയും, പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ കർക്കശമാക്കുകയും ചെയ്തു. വിദേശ ഇന്ത്യക്കാരിലെ ചില വിഭാഗങ്ങൾക്കുകൂടി പുതിയ വിജ്ഞാപനത്തിൽ ഒസിഐ കാർഡിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനാണ് നിലവിലെ മാറ്റങ്ങൾ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കൻ തമിഴ് വംശജരുടെ അഞ്ചാം തലമുറയ്ക്കും ആറാം തലമുറയ്ക്കുമാണ് പുതുതായി ഒസിഐക്കുള്ള അനുമതി നൽകിയിട്ടുള്ളത്. ഇവരുടെ പാരമ്പര്യം തെളിയിക്കുന്നതിനായി ശ്രീലങ്കൻ സർക്കാർ നൽകുന്ന രേഖകൾ തെളിവായി സ്വീകരിക്കുകയും ചെയ്യും.

പുതിയ നിയമമനുസരിച്ച് ഒസിഐ കാർഡ് അപേക്ഷയ്ക്കുള്ള ഫീസ് എല്ലാ രാജ്യത്തും ഒരുപോലെയാകും. നേരത്തേ ഓരോ രാജ്യത്തെയും അവിടത്തെ മിഷനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ചാർജുകളായിരുന്നു ഈടാക്കിയിരുന്നത്. എല്ലാ ഒസിഐ കാർഡ് ഉടമകളും അവരുടെ വിദേശ പാസ്പോർട്ട് പുതുക്കിയാൽ അതിന്റെ വിശദാംശങ്ങൾ മൂന്ന് മാസങ്ങൾക്കുള്ളിൽ സമർപ്പിച്ചിരിക്കണം എന്നതാണ് വിജ്ഞാപനത്തിലെ മറ്റൊരു സുപ്രധാന കാര്യം. ഈ കാലാവധി കഴിഞ്ഞാൽ 25 ഡോളർ പിഴയായി നൽകേണ്ടിവരും. ഇമിഗ്രേഷൻ പോയിന്റുകളിൽ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഒസിഐ രേഖകൾ ബയോമെട്രിക് സിസ്റ്റവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ ഗവേഷണ, ഫെല്ലോഷിപ്പ് പരിപാടികളിൽ പങ്കെടുക്കുന്നത് ഒസിഐ കാർഡ് ഉടമകൾക്ക് കൂടുതൽ എളുപ്പമാക്കാൻ വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്. ഇതിന് നേരത്തേ വേണ്ടിയിരുന്ന ആറ് മാസ റെസിഡൻസി റിക്വയർമെന്റ് നീക്കം ചെയ്തു.

വിദേശത്തു നിന്നും പുതിയ ഒസിഐ അപേക്ഷ നൽകുകയാണെങ്കിൽ 275 ഡോളറോ തത്തുല്യമായ പ്രാദേശിക കറൻസിയോ ഫീസ് ആയി നൽകണം. ഇന്ത്യയ്ക്കത്തു നിന്നാണ് പുതിയ ഒസിഐയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ 15,000 രൂപയാണ് ഫീസ്. പാസ്‌പോർട്ട് മാറിയതിനാലോ, വ്യക്തിഗത വിവരങ്ങളിൽ മാറ്റം വന്നതിനാലോ ഒസിഐ റീഇഷ്യു ചെയ്യണമെങ്കിൽ 25 ഡോളർ ഫീസ് നൽകണം. കാർഡ് നശിച്ചു പോവുകയോ നഷ്ടപ്പെടുകയോ ചെയ്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ 100 ഡോളറാണ് ഫീസ്. അത്‌പോലെ പേഴ്‌സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡിൽ നിന്നും ഒസിഐ സ്റ്റാറ്റസിലേക്ക് മാറണമെങ്കിലും ഇനിമുതൽ 100 ഡോളർ ഫീസ് നൽകേണ്ടതുണ്ട്.


Manorama News 1 hour ago
Home Flash News