അയൽരാജ്യത്തിന്റെ അതിക്രമം പൊറുക്കില്ല; രാജ്യദ്രോഹികൾക്ക് ബഹ്‌റൈനിൽ ഇടമില്ലെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ
മനാമ ∙ ബഹ്‌റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ ഇറാൻ നടത്തുന്ന നീക്കങ്ങളെയും അതിന് കൂട്ടുനിൽക്കുന്നവരെയും രൂക്ഷമായി വിമർശിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർക്കും ശത്രുക്കളുമായി കൈകോർക്കുന്നവർക്കും ബഹ്‌റൈനിൽ ഇടമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാൻ നടത്തിയ ആക്രമണങ്ങൾ യഥാർത്ഥ രാജ്യസ്‌നേഹികളെയും ചതിക്കുന്നവരെയും തിരിച്ചറിയാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ കളിപ്പാട്ട വിപണികളിൽ ഓട്ടിസം ബാധിതരായ കുട്ടികളെ പ്ര
ബഹ്‌റൈൻ പ്രതിരോധ സേന രാജ്യാതിർത്തി കാക്കാൻ ജാഗ്രതയോടെ നിലകൊള്ളുമ്പോൾ രാജ്യത്തിനകത്തുള്ള ഒരു ചെറിയ വിഭാഗം ശത്രുക്കളുമായി സഹകരിക്കാൻ തുനിഞ്ഞത് ഗൗരവതരമായ കുറ്റമാണെന്ന് രാജാവ് പറഞ്ഞു. രാജ്യം എല്ലാവർക്കും മുകളിലാണ്. പൗരത്വം എന്നത് വെറുതെ ലഭിക്കുന്ന ഒന്നല്ല, മറിച്ച് രാജ്യത്തോടുള്ള അചഞ്ചലമായ കരാറാണ്. അത് ലംഘിക്കുന്നവർക്ക് ഈ മണ്ണിൽ ജീവിക്കാൻ അർഹതയില്ല- അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇറാന്റെ ഇടപെടലുകൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനപ്രതിനിധികൾക്കെതിരെയും വിമർശനം
ജനങ്ങളെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ചില നിയമസഭാ അംഗങ്ങൾ രാജ്യദ്രോഹികൾക്കൊപ്പം നിലയുറപ്പിച്ചത് ഖേദകരമാണെന്ന് രാജാവ് പറഞ്ഞു. അക്രമികൾക്ക് കൂട്ടുനിന്നവർ ബഹ്‌റൈൻ ജനതയോട് പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ അവർക്ക് പ്രിയപ്പെട്ടവർക്കൊപ്പം രാജ്യം വിടണം. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഇവർക്ക് ഇനി ജനങ്ങളെ പ്രതിനിധീകരിക്കാൻ അർഹതയില്ലെന്നും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകി.
രാജ്യദ്രോഹക്കുറ്റത്തിന് പിടിയിലായവർക്ക് തടവുശിക്ഷ നൽകുന്നതും പൗരത്വം റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾക്ക് ജിസിസി രാജ്യങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഇത് വെറുമൊരു പ്രതികാര നടപടിയല്ല, മറിച്ച് ഭൂരിപക്ഷം വരുന്ന വിശ്വസ്തരായ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അനിവാര്യമായ ചുവടുവയ്പാണെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യദ്രോഹികളിൽ നിന്നും സഹായികളിൽ നിന്നും സമൂഹത്തെ ശുദ്ധീകരിക്കാതെ പഴയപടിയിലുള്ള സമാധാനം തിരികെ കൊണ്ടുവരാനാകില്ലെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വ്യക്തമാക്കി. വരുംദിവസങ്ങളിൽ കൂടുതൽ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.