‘ഈ സിനിമയിൽ ഞാനുണ്ടെന്ന കാര്യം ഞാൻ പോലും മറന്നു’; ‘കറുപ്പിന്റെ’ ഓഡിയോ ലോഞ്ചിന് തൃഷയെ ക്ഷണിച്ചില്ല ! ട്വീറ്റുമായി താരം
ഒരു ഇടവേളയ്ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ‘കറുപ്പ്’ എന്ന സിനിമ ഈ മാസം ആണ് റിലീസ് ചെയ്യുന്നത്. ഇതിന് മുൻപ് പുതിയ ചർച്ചകൾക്ക് തമിഴ് സിനിമാ ലോകം തുടക്കമിട്ടിരിക്കുകയാണ്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടന്നുവരികയാണ്. എന്നാൽ ഇവയിലൊന്നും ചിത്രത്തിലെ നായികയായ തൃഷയെ കാണാനെ കഴിഞ്ഞില്ല. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും താരത്തിന്റെ സാന്നിധ്യമില്ലാത്തത് ആളുകൾ ചർച്ചയാക്കിയിരുന്നു. ഏപ്രിൽ 26-ന് ചെന്നൈയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. സൂര്യ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ നായികയായ തൃഷ ഉണ്ടായിരുന്നില്ല. താരം പ്രമോഷൻ പരിപാടികളോട് സഹകരിക്കുന്നില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി തൃഷ തന്നെ വന്നത്.
കഴിഞ്ഞ ദിവസമാണ് തൃഷ അവതരിപ്പിക്കുന്ന ‘പ്രീതി’ എന്ന വക്കീൽ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിനോട് പ്രതികരിച്ച ഒരു ആരാധകൻ ‘തൃഷ ഈ സിനിമയിൽ ഉള്ള കാര്യം തന്നെ ഞാൻ മറന്നുപോയി’ എന്ന് കുറിച്ചു. ഇതേ പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച തൃഷ, ‘സത്യം, ഞാനും അത് മറന്നുപോയി. ഇപ്പോഴെങ്കിലും ഇങ്ങനെയൊരു ഓർമപ്പെടുത്തൽ നൽകിയതിൽ സന്തോഷം’ എന്ന് പരിഹാസരൂപേണ മറുപടിയും നൽകി. ഓഡിയോ ലോഞ്ചിന് വരാത്തതിനെ കുറിച്ച് ആരാധകൻ ചോദിച്ചപ്പോൾ, ‘എന്റെ ക്ഷണം ഒരുപക്ഷേ മെയിലിൽ എവിടെയോ നഷ്ടപ്പെട്ടതാകാം’ എന്നാണ് താരം മറുപടി നൽകിയത്. തന്നെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന കാര്യം താരം ഇതോടെ പരസ്യമാക്കി. ചടങ്ങിന്റെ പോസ്റ്ററുകളിൽ തൃഷയുടെ ചിത്രമുണ്ടായിരുന്നെങ്കിലും ക്ഷണം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ടുകൾ. മെയ് 14-നാണ് ചിത്രം റിലീസ് ചെയ്യുക. വിവാദങ്ങൾ സിനിമയുടെ റിലീസിനെ ബാധിക്കുമോ എന്ന് കണ്ടറിയാം.