Select Location
All Locations
State
Region
City / District
'80 ഹിപ്പോകളെ കൊല്ലരുത്, വൻതാരയിൽ ആജീവനാന്ത സംരക്ഷണം ഒരുക്കാം' അനന്ത് അംബാനി കൊളംബിയയോട്

'80 ഹിപ്പോകളെ കൊല്ലരുത്, വൻതാരയിൽ ആജീവനാന്ത സംരക്ഷണം ഒരുക്കാം' അനന്ത് അംബാനി കൊളംബിയയോട്

സുരക്ഷിതമായി പിടികൂടി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റുന്നതിനും അവിടെ ആജീവനാന്ത സംരക്ഷണം നൽകുന്നതിനും ആവശ്യമായ ശാസ്ത്രീയവും സാമ്പത്തികവുമായ എല്ലാ പിന്തുണയും അനന്ത് അംബാനി വാഗ്ദാനം ചെയ്തു

കൊളംബിയയിലെ മഗ്ദലീന നദീതടത്തിലുള്ള 80 ഹിപ്പോപൊട്ടാമസുകളെ കൊന്നുനീക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് വൻ‌താര സ്ഥാപകൻ അനന്ത് അംബാനി കൊളംബിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇവയെ സുരക്ഷിതമായി പിടികൂടി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റുന്നതിനും അവിടെ ആജീവനാന്ത സംരക്ഷണം നൽകുന്നതിനും ആവശ്യമായ ശാസ്ത്രീയവും സാമ്പത്തികവുമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും വന്യജീവി സംരക്ഷണ കേന്ദ്രമായ 'വൻതാര'യുടെ സ്ഥാപകനുമായ അനന്ത് മുകേഷ് അംബാനി, കൊളംബിയൻ പരിസ്ഥിതി-സുസ്ഥിര വികസന മന്ത്രി ഐറീൻ വെലെസ് ടോറസിന് അയച്ച കത്തിലാണ് ഈ അഭ്യർത്ഥന നടത്തിയത്. "ഈ 80 ഹിപ്പോപ്പൊട്ടാമുകൾ എവിടെ ജനിക്കണം എന്നതോ ഇപ്പോൾ നേരിടുന്ന സാഹചര്യങ്ങളോ അവർ തിരഞ്ഞെടുത്തതല്ല. അവ ജീവനുള്ളവരും വികാരങ്ങളുള്ളവരുമാണ്. മാനുഷികമായ ഒരു പരിഹാരത്തിലൂടെ അവയെ രക്ഷിക്കാൻ നമുക്ക് കഴിയുമെങ്കിൽ, അതിനായി ശ്രമിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്."- അനന്ത് അംബാനി കത്തിൽ പറഞ്ഞു.

മൃഗങ്ങളെ പിടികൂടുന്നതിനും കൊണ്ടുപോകുന്നതിനും ആവശ്യമായ വെറ്ററിനറി വിദഗ്ധരുടെ നേതൃത്വം വൻതാരയിലുണ്ട്. ഗുജറാത്തിലെ ജാംനഗറിൽ ഹിപ്പോപ്പൊട്ടാമുകളുടെ നിലവിലെ സാഹചര്യത്തിന് സമാനമായ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വൻതാര സൗകര്യമൊരുക്കും. 80 മൃഗങ്ങൾക്കും ആജീവനാന്തം ഭക്ഷണവും പരിചരണവും വൻതാര ഉറപ്പാക്കും. കൊളംബിയൻ, ഇന്ത്യൻ സർക്കാരുകളുടെയും അന്താരാഷ്ട്ര അതോറിറ്റികളുടെയും പൂർണ്ണമായ അനുമതിയോടെയും നിബന്ധനകളോടെയും മാത്രമായിരിക്കും ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1980-കളിൽ കൊളംബിയയിലെ മഗ്ദലീന നദീതടത്തിൽ എത്തിച്ച ചെറിയൊരു കൂട്ടം ഹിപ്പോപ്പൊട്ടാമുകൾ, പ്രകൃതിദത്ത ശത്രുക്കളുടെ അഭാവം മൂലം ഇപ്പോൾ ഇരുന്നൂറോളമായി വർധിച്ചിരിക്കുകയാണ്. ഇവ അവിടുത്തെ ജൈവവൈവിധ്യത്തിന് ഭീഷണിയാണെന്നും പരിസ്ഥിതിക്ക് ദോഷകരമാണെന്നും ചൂണ്ടിക്കാട്ടി 80 എണ്ണത്തെ കൊന്നുനീക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് വൻതാര മാനുഷികമായ ബദൽ നിർദ്ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ വന്യജീവി പുനരധിവാസ കേന്ദ്രങ്ങളിൽ ഒന്നാണ് ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര. ഇതിനോടകം നിരവധി ആനകൾ, കടുവകൾ, പുലികൾ, മറ്റ് സസ്തനികൾ എന്നിവയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി സംരക്ഷിച്ചു വരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ ആഗോള സ്വാധീനം കണക്കിലെടുത്ത് അടുത്തിടെ അനന്ത് അംബാനിക്ക് 'ഗ്ലോബൽ ഹ്യൂമൻ അവാർഡ്' ലഭിച്ചിരുന്നു.


News18Kerala 2 days ago
Home Flash News