പുട്ടിനോടു മുട്ടാന്‍ ട്രംപിനു പറ്റുമോ? ഹോര്‍മൂസിലൂടെ 500 മില്യണ്‍ ഡോളറിന്റെ ആഡംബര നൗകയുമായി റഷ്യന്‍ പ്രസിഡന്റിന്റെ അടുത്ത അനുയായി
അമേരിക്ക-ഇറാന്‍ യുദ്ധത്തിനു പിന്നാലെ ഉപരോധത്തിന്റെ പേരില്‍ ലോകത്ത് ചര്‍ച്ചാവിഷയമായതാണ് ഹോര്‍മൂസ് കടലിടുക്ക്. ഇതിലൂടെ കപ്പലുകള്‍ കടന്നുപോകുന്നതിനു ഇറാന്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. യുദ്ധം ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ് ഹോര്‍മൂസ്. ഇതിനിടെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയിലെ ഏറ്റവും സമ്പന്നനായ അലക്‌സി മൊര്‍ദാഷോവിന്റെ ഉടമസ്ഥതയിലുള്ള ആഡംബര യാട്ട് ഹോര്‍മൂസ് മറികടന്നത്. അമേരിക്കയോ ഇറാനോ യാട്ടിനെ ഒന്നും ചെയ്തില്ല.
വെള്ളിയാഴ്ച രാത്രി ദുബായില്‍നിന്ന് പുറപ്പെട്ട ‘നോര്‍ഡ് സൂപ്പര്‍ യാട്ട്’ എന്ന ആഡംബര നൗക ശനിയാഴ്ചയാണ് ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോയത്. ഉപരോധം നിലനില്‍ക്കുന്ന ഹോര്‍മൂസില്‍ ഒരു പ്രശ്‌നവും യാട്ടിനു നേരിടേണ്ടി വന്നില്ല.
തങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമെല്ലാം അമേരിക്കയും ഇറാനും മറന്ന കാഴ്ചയായിരുന്നു. ഒമാനിലേക്കായിരുന്നു യാട്ടിന്റെ യാത്ര. അതേസമയം, ഹോര്‍മൂസ് കടക്കുമ്പോള്‍ മൊര്‍ദാഷോവ് ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. 500 മില്യണ്‍ ഡോളര്‍ വിലയുള്ളതാണ് ഈ ആഡംബര നൗകയുടെ വില.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് മൊര്‍ദാഷോവ്. 37 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ലോക സമ്പന്നരില്‍ 58ാമനാണ് ഇദ്ദേഹം. സ്റ്റീല്‍ നിര്‍മാണം, ഹോസ്പിറ്റാലിറ്റി, മൈനിങ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹത്തിന്റെ ബിസിനസ്. 2022ല്‍ യുക്രൈയ്ന്‍ യുദ്ധം ആരംഭിച്ചതോടെയാണ് അമേരിക്ക മൊര്‍ദാഷോവിന്റെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
നിലവില്‍, ഇറാനുമായി ബന്ധമുള്ള കപ്പലുകളെ അമേരിക്ക ഹോര്‍മൂസില്‍ തടയുന്നുണ്ട്. ഇതോടൊപ്പം മറ്റു കപ്പലുകളെ ഇറാനും ഹോര്‍മൂസ് കടക്കാന്‍ അനുവദിക്കുന്നില്ല. ഇതിനിടെയാണ് മൊര്‍ദാഷോവിന്റെ ആഡംബര നൗക വളരെ കൂളായി ഹോര്‍മൂസ് കടന്നുപോയത്. അതിനാല്‍, ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ആഗോളതലത്തില്‍ ഇപ്പോഴത്തെ ചര്‍ച്ച. റഷ്യന്‍ പ്രസിഡന്റുമായി മൊര്‍ദാഷോവിനുള്ള അടുത്ത ബന്ധമാണോ ഹോര്‍മൂസില്‍ യാട്ടിനു നേരെ കണ്ണടയ്ക്കാന്‍ അമേരിക്കയെയും ഇറാനെയും പ്രേരിപ്പിച്ചതെന്നോയെന്നും ചര്‍ച്ച പൊടിപൊടിക്കുന്നുണ്ട്.