Select Location
All Locations
State
Region
City / District
'ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

'ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങളിൽ നിർണ്ണായകമായ ചില മാറ്റങ്ങൾ സംഭവിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി തുറന്നതിനെ സ്വാഗതം ചെയ്ത ട്രംപ്, എന്നാൽ ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും ആക്രമണം തുടരുമെന്ന കർശന മുന്നറിയിപ്പും നൽകി.

ഇറാനുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ വരാനുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ, നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കാനിരിക്കെ, രണ്ടാം ഘട്ട ചർച്ചകളിൽ വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കിൽ അത് നീട്ടാൻ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ നടന്നില്ലെങ്കിൽ നിർഭാഗ്യവശാൽ വീണ്ടും ബോംബാക്രമണം തുടങ്ങേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് 47 ദിവസത്തെ തടസ്സത്തിന് ശേഷം ഇറാൻ വീണ്ടും തുറന്നിട്ടുണ്ട്. എന്നാൽ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ടോൾ ഏർപ്പെടുത്താനോ നിയന്ത്രണങ്ങൾ കൊണ്ടുവരാനോ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് വീണ്ടും അടച്ചിടുമെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ഇറാനിന്റെ അനുമതിയോടെ മാത്രമേ ഗതാഗതം അനുവദിക്കൂ എന്നാണ് അവരുടെ നിലപാട്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്ക തിരിച്ചുപിടിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ വാദം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. തങ്ങളുടെ പക്കലുള്ള ആണവ വസ്തുക്കൾ എവിടേക്കും മാറ്റില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം വട്ട ചർച്ചകൾ ഏപ്രിൽ 20 തിങ്കളാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കും. ഏപ്രിൽ 11-ന് നടന്ന ആദ്യ ഘട്ട ചർച്ചകൾ തീരുമാനമാകാതെയാണ് പിരിഞ്ഞത്. വരാനിരിക്കുന്ന ഈ ചർച്ച ലോക വിപണിയിലെ എണ്ണവിലയെയും മിഡിൽ ഈസ്റ്റിലെ സമാധാനത്തെയും സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.


News18Kerala 1 hour ago
Home Flash News