Select Location
All Locations
State
Region
City / District
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന

ഡർബനിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നടന്ന ആദ്യ ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. പുരുഷ-വനിതാ ഭേദമില്ലാതെ ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മാറി. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.

ഈ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ഇന്ത്യൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റനായ സ്മൃതിയും ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും 4,231 റൺസുമായി ഒപ്പത്തിനൊപ്പമായിരുന്നു. 2024-ലെ പുരുഷ ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ നിന്നും വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ 14 പന്തിൽ 13 റൺസ് നേടിയതോടെ സ്മൃതിയുടെ ആകെ റൺസ് സമ്പാദ്യം 155 ഇന്നിംഗ്സുകളിൽ നിന്നായി 4,244 ആയി ഉയർന്നു. 124.38 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന. 175 ഇന്നിംഗ്സുകളിൽ നിന്നായി 4,717 റൺസ് നേടിയ ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സിന്റെ പേരിലാണ് വനിതാ ടി20യിലെ ലോകറെക്കോർഡ്. പുരുഷ ടി20 ക്രിക്കറ്റിൽ 136 ഇന്നിംഗ്സുകളിൽ നിന്നായി 4,596 റൺസ് നേടിയ പാകിസ്ഥാന്റെ ബാബർ അസം ആണ് റൺവേട്ടയിൽ മുന്നിൽ നിൽക്കുന്നത്.


Smacy News 1 hour ago
Home Flash News