ദുബായിലെ മലയാളി പയ്യൻസ് 'ബഹിരാകാശ അംബാസഡർ'; വൈറലായി 'ആസ്ട്രോ സഈം', തേടിയെത്തി 'സ്പേസ് ഇന്ത്യ'
ദുബായ്∙ മണൽപ്പരപ്പിലെ ചൂടിൽ വേരുകളാഴ്ത്തി പ്രവാസിയായ അച്ഛൻ പടുത്തുയർത്തുന്ന സ്വപ്നങ്ങൾക്ക് ഇപ്പോൾ ആകാശത്തോളം ഉയരം. ബഹിരാകാശത്തെ അത്ഭുതങ്ങളെ അറിവിന്റെ ചരടിൽ കോർത്ത് മലയാളികൾക്ക് പരിചയപ്പെടുത്തിയ പത്തു വയസ്സുകാരൻ സഈം കുബണൂർ ഇനി ഇന്ത്യയുടെ 'ബഹിരാകാശ അംബാസഡർ'.സമൂഹമാധ്യമത്തിൽ 'ആസ്ട്രോ സഈം' എന്ന പേരിൽ തരംഗമായ ഈ കാസർകോട്ടുകാരനെ തേടി 'സ്പേസ് ഇന്ത്യ'യുടെ ദേശീയ പുരസ്കാരമെത്തി.
കടൽ കടന്നുപോയ പ്രവാസിയുടെ മക്കൾക്ക് അച്ഛൻ എന്നും നക്ഷത്രങ്ങളെപ്പോലെ അകലെയാണ്. എന്നാൽ ആ ദൂരത്തെ അറിവുകൊണ്ട് കീഴടക്കുകയാണ് സഈം. നാസയുടെ 'ആർട്ടെമിസ് 2' ചന്ദ്രയാത്രയെക്കുറിച്ച് സഈം തയാറാക്കിയ വിഡിയോ പരമ്പരകൾ ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് ആളുകളെയാണ് വിസ്മയിപ്പിച്ചത്. സങ്കീർണമായ ശാസ്ത്ര സത്യങ്ങളെ കുഞ്ഞുഭാഷയിൽ ലളിതമായി അവതരിപ്പിക്കാനുള്ള സഈമിന്റെ കഴിവിനെ ഐഎസ്ആർ.ഒയുടെ അംഗീകാരമുള്ള സ്പേസ് ഇന്ത്യ പ്രത്യേകം അഭിനന്ദിച്ചു. നാഷനൽ സ്പേസ് ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (എസ്എഎൽഎഫ് 2026) യുവ അംബാസഡറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി ബാലനാണ് സഈം.
ദുബായ് ജബൽ അലിയിൽ ജോലി ചെയ്യുന്ന കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി കൂടിയായ സുബൈർ കുബണൂറിന്റെയും ഫാത്തിമത് റുബീനയുടെയും മകനാണ് സഈം. മെഹ് വിഷ് ആണ് സഹോദരി. മഞ്ചേശ്വരത്തെ പച്ചപ്പിലിരുന്ന് അനന്തമായ ശൂന്യാകാശത്തിന്റെ രഹസ്യങ്ങൾ തേടുന്ന ഈ കൊച്ചു മിടുക്കൻ പ്രവാസലോകത്തുള്ള അച്ഛന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ ദേശീയ അംഗീകാരം. സ്പേസ് ഇന്ത്യയുടെ ഈ വർഷത്തെ മുഖമായി സഈം മാറുമ്പോൾ അത് കാസർകോടിനും കേരളത്തിനും ഒരുപോലെ തിളക്കമുള്ള നേട്ടമായി മാറുന്നു.
ബഹിരാകാശ വിസ്മയങ്ങൾ ലളിതമായി അവതരിപ്പിച്ച് ദേശീയ ശ്രദ്ധ നേടിയ സഈം മുഹമ്മദിനെ ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. സഈമിന് കെഎംസിസിയുടെ 'ഗാലക്റ്റിക് സ്റ്റാർ അവാർഡ്' സമർപ്പിച്ചു. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുട്ടികളെ ശാസ്ത്രബോധമുള്ളവരായി വളർത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, വൈസ് പ്രസിഡന്റുമാരായ കെ.പി. അബ്ബാസ് കളനാട്, മൊഹിദീൻ ബാവ ഹാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.