എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പൂട്ടുന്നു; പകരം എടിവിഎം മാത്രം
കൊച്ചി ∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പടിഞ്ഞാറേ കവാടത്തിലെ (ആറാം നമ്പർ പ്ലാറ്റ്ഫോം ഭാഗം) ടിക്കറ്റ് കൗണ്ടർ പൂട്ടാൻ നീക്കം. ഇന്നു മുതൽ പകൽ സമയത്ത് ഇവിടെയുള്ള ടിക്കറ്റ് കൗണ്ടർ ഉണ്ടാകില്ല. പകരം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ (എടിവിഎം) മാത്രമാകും പ്രവർത്തിക്കുക. മെഷീനിലൂടെയുള്ള ടിക്കറ്റ് വിതരണത്തിന് വേഗം ഇല്ലാത്തതിനാൽ വേനലവധി, വിഷു തിരക്കു സമയത്തെ പരിഷ്കാരം തിരക്കു കൂട്ടുമെന്ന പരാതി ശക്തമാണ്. പാചകവാതക ക്ഷാമവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും കാരണം ഇതരസംസ്ഥാന തൊഴിലാളികൾ നാടുകളിലേക്കു മടങ്ങുകയാണ്. ഇവർ കൂട്ടമായി സ്റ്റേഷനുകളിൽ എത്തുന്നതോടെ അസാധാരണ തിരക്കാണ് പലദിവസങ്ങളിലും എറണാകുളം സൗത്ത് സ്റ്റേഷനിൽ. ഈ സാഹചര്യത്തിലാണ് കൂടുതൽ കൗണ്ടറുകൾ പൂട്ടാനുള്ള നീക്കം. പടിഞ്ഞാറേ കവാടത്തിൽ നേരത്തെ രണ്ടു ടിക്കറ്റ് കൗണ്ടർ ഉണ്ടായിരുന്നത് ഒന്നായി ചുരുക്കിയിട്ടു നാളേറെയായി.
യാത്രക്കാർ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം ഉപയോഗിക്കണമെന്നാണ് റെയിൽവേ നൽകുന്ന നിർദേശം. ഇതിന്റെ ഭാഗമായി റിസർവേഷൻ ടിക്കറ്റും സാധാരണ ജനറൽ ടിക്കറ്റും ഒരേ ടിക്കറ്റ് കൗണ്ടർ വഴി നൽകാൻ തീരുമാനിച്ചതോടെ തിരക്കു വർധിച്ചു. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ പ്രയാസമായി. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ റെയിൽവൺ ആപ്പിൽ ലോഗിൻ ചെയ്യാൻ പോലും പലപ്പോഴും പ്രയാസമാണ്. സൗത്ത് സ്റ്റേഷനിലെ കിഴക്കേ കവാടത്തിൽ (ഒന്നാം നമ്പർ പ്ലാറ്റ്ഫോം ഭാഗം) അൺ റിസർവ്ഡ് ടിക്കറ്റുകൾക്കായി മൂന്നു കൗണ്ടറുകൾ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുക്കിയതും തിരക്കു കൂട്ടുകയാണ്. വിഷു തലേന്ന് 14,253 പേരാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് അൺ റിസർവ്ഡ് ടിക്കറ്റ് എടുത്തത്. അതേ ദിവസം തന്നെ ഒരു ട്രെയിനിൽ നിന്ന്, ടിക്കറ്റ് ഇല്ലാതെ സഞ്ചരിച്ചവരിൽ നിന്നായി രണ്ടുലക്ഷം രൂപ പിഴ റെയിൽവേ ഈടാക്കുകയും ചെയ്തു. ഇതെല്ലാം അവഗണിച്ചാണ് റെയിൽവേയുടെ ഇപ്പോഴത്തെ നടപടി.
ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെ ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കായി മാറ്റുന്നതിനു വേണ്ടിയാണു പുതിയ പരിഷ്കാരം എന്നാണ് റെയിൽവേയുടെ വിശദീകരണം. ടിക്കറ്റ് കൗണ്ടറുകൾ പൂട്ടരുതെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്ക് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കത്ത് നൽകിയിട്ടുണ്ട്.