മേഖലയിലെ സുരക്ഷ: വിദേശകാര്യ മന്ത്രിമാരുമായി ഷെയ്ഖ് അബ്ദുല്ല ചർച്ച നടത്തി
അബുദാബി ∙ യുഎഇക്കും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ പ്രകോപനപരമായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ഉണ്ടായ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി.
അയർലൻഡ് വിദേശകാര്യ-പ്രതിരോധ മന്ത്രി ഹെലൻ മക് എൻറി, പോർച്ചുഗൽ സ്റ്റേറ്റ് ആൻഡ് ഫോറിൻ അഫയേഴ്സ് മന്ത്രി പോളോ റഞ്ചൽ, കോസ്റ്റാറിക്ക വിദേശകാര്യ മന്ത്രി ഡോ. അർനോൾഡോ ആന്ദ്രെ ടിനോക്കോ എന്നിവരുമായാണ് അദ്ദേഹം സംസാരിച്ചത്. യുഎഇയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് അദ്ദേഹം മന്ത്രിമാരോട് നന്ദി അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും സന്ദർശകരും പൂർണ സുരക്ഷിതരാണെന്ന് അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷമുള്ള സാഹചര്യങ്ങളും ചർച്ചയിൽ വിഷയമായി. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യാന്തര തലത്തിൽ യോജിച്ചുള്ള പരിശ്രമങ്ങൾ അത്യാവശ്യമാണെന്ന് ഷെയ്ഖ് അബ്ദുല്ലയും വിദേശകാര്യ മന്ത്രിമാരും അടിവരയിട്ടു പറഞ്ഞു.