മതാചാരങ്ങൾ അന്ധവിശ്വാസമോ? കോടതിയും കേന്ദ്രവും തമ്മിൽ സുപ്രീംകോടതിയിൽ വാദപ്രതിവാദം
ന്യൂഡൽഹി: ഒരു മതാചാരം അന്ധവിശ്വാസമാണോയെന്ന് പരിശോധിക്കാൻ തങ്ങൾക്കാകുമെന്ന് സുപ്രീംകോടതി. എന്നാൽ, ജഡ്ജിമാർക്ക് പാണ്ഡിത്യം മതത്തിലല്ല, നിയമത്തിലാണെന്നും മതേതരകോടതികൾക്ക് ഇക്കാര്യം പരിശോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് എങ്ങനെയാണ് കോടതിക്ക് പരിശോധിക്കാനാവുകയെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. അന്ധവിശ്വാസമാണെന്ന് സങ്കല്പിച്ചാൽത്തന്നെ കോടതിയല്ല, നിയമനിർമാണമാണ് പരിഹാരമെന്നും അദ്ദേഹം വാദിച്ചു. ശബരിമലക്കേസിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയാണ് അന്ധവിശ്വാസമാണോയെന്ന് കോടതിക്ക് നിശ്ചയിക്കാനാകുമെന്ന് പറഞ്ഞത്. എന്നാൽ, ഒരു ആചാരം അന്ധവിശ്വാസമാണെന്നും പരിഷ്‌കരണം ആവശ്യമാണെന്നും പറയേണ്ടത് നിയമനിർമാണസഭകളാണെന്ന് സോളിസിറ്റർ വാദിച്ചു. അതേസമയം, നിയമനിർമാണസഭകളാണ് അവസാനവാക്കെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി.
നാഗാലാൻഡിൽ മതാചാരമായി കാണുന്ന ഒന്നിനെ തനിക്ക് അന്ധവിശ്വാസമായി തോന്നാമെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ മന്ത്രവാദം തടയാൻ നിയമമുണ്ട്. അവിടെ ദുർമന്ത്രവാദമാണെന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ് നിയമത്തിലൂടെ വിലക്കിയത്. എന്നാൽ, കുറച്ച് ജഡ്ജിമാർ ഇരുന്ന് ഇക്കാര്യം തീരുമാനിക്കാനാവില്ല.
അതേസമയം, മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന നരബലിപോലുള്ളവയിൽ ഇടപെടാമെന്നതിൽ ഒരു തർക്കവുമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പൊതുക്രമം, ആരോഗ്യം, ധാർമികത എന്നിവയ്‌ക്കെതിരായ ആചാരങ്ങളിൽ കോടതിക്ക് ഇടപെടാം. എന്നാൽ, മതപരിഷ്‌കരണത്തിന്റെപേരിൽ മതത്തിന്റെ സവിശേഷതതന്നെ ഇല്ലാതാക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനോട് ജസ്റ്റിസ് ബി.വി. നാഗരത്‌ന യോജിച്ചു.