ദുബായിലെയും അബുദാബിയിലെയും ഹിന്ദു ക്ഷേത്രങ്ങളും ഗുരുദ്വാരയും അടച്ചു; ബിഎപിഎസിലും നിയന്ത്രണം
ദുബായ് ∙ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ക്രൈസ്തവ , ഹിന്ദു, സിഖ് ആരാധനാലയങ്ങളിലും അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിലും പൊതു പ്രാർഥനാ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വലിയ ആഴ്ചയിലെ പ്രധാന ശുശ്രൂഷയായ ദുഃഖവെള്ളി തിരുകർമങ്ങൾ ഉൾപ്പെടെ പള്ളികളിൽ ഒഴിവാക്കി. പകരം ചിലയിടങ്ങളിൽ വിശ്വാസികൾക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം, സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദേശത്തെത്തുടർന്നാണ് പാതിരാ കുർബാന ഉൾപ്പെടെയുള്ള പൊതുവായ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പള്ളികളിൽ നേരിട്ടെത്താതെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പ്രാർത്ഥനകളിൽ പങ്കുചേരണമെന്ന് അധികൃതർ സർക്കുലറിലൂടെ നിർദേശിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും വിശ്വാസികൾ സഹകരിക്കണമെന്നും സഭാധികൃതർ അറിയിച്ചു. ദുബായിലെയും സമീപപ്രദേശങ്ങളിലെയും പ്രധാന പള്ളികളെല്ലാം ഈ നിർദേശം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലെ ചർച്ചുകളിൽ ആരാധനാ ചടങ്ങുകൾ പതിവുപോലെ നടക്കുന്നു.
യുഎഇ സർക്കാരിൽ നിന്നുള്ള കർശന നിർദേശത്തെ തുടർന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നിയന്ത്രണം ഉണ്ടാകുമെന്ന് വികാരി ഫാ.അജു ഏബ്രഹാം അറിയിച്ചു. ദേവാലയം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്നും ഓൺലൈൻ സ്ട്രീമിങ് ഉണ്ടായിരിക്കില്ലെന്നും ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ച് അധികൃതർ വിശ്വാസികളോട് പറഞ്ഞു.