Select Location
All Locations
State
Region
City / District
#പന്ത് ചുരണ്ടലില്‍ താരത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് തുടരും

ഫഖര്‍ സമന്റെ അപ്പീല്‍ നിരസിച്ചു; പന്ത് ചുരണ്ടലില്‍ താരത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് തുടരും

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പന്ത് ചുരണ്ടിയെന്ന സംഭവത്തില്‍ ലാഹോര്‍ ഖലന്തേഴ്‌സ് താരം ഫഖര്‍ സമനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയ നടപടി ശരിവെച്ചു. ഈ സംഭവത്തില്‍ താരം നല്‍കിയ അപ്പീല്‍ മൂന്നംഗ സാങ്കേതിക സമിതി തള്ളിയതോടെ ഫഖര്‍ സമന് ഇനി വരുന്ന രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. ഇക്കഴിഞ്ഞ ഞയറാഴ്ച കറാച്ചി കിംഗ്‌സിനെതിരെ നടന്ന മത്സരത്തിനിടെയാണ് പന്തിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതിന് ഫഖര്‍ സമനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തത്.

സംഭവത്തില്‍ എല്ലാ വാദങ്ങളും ലഭ്യമായ തെളിവുകളും പരിശോധിച്ച സമിതി മാച്ച് റഫറി റോഷന്‍ മഹാനാമ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവെക്കുകയായിരുന്നു. ലാഹോര്‍ ഖലന്തേഴ്‌സ് ക്യാപ്റ്റനെതിരെ മൂന്ന് കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. വിലക്ക് വന്നതോടെ മുള്‍ട്ടാന്‍ സുല്‍ത്താനെതിരെയും ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെയും നടക്കുന്ന മത്സരങ്ങള്‍ ഫഖര്‍ സമന് നഷ്ടമാകും. പന്തിന്റെ അവസ്ഥ മാറ്റിയെന്ന് തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നും വിലക്ക് പിന്‍വലിക്കണമെന്നും കാണിച്ചായിരുന്നു ഫഖര്‍ സമന്റെ അപ്പീല്‍. താരത്തിന്റെ വാദം കമ്മിറ്റി പരിശോധിച്ചതിന് ശേഷം തള്ളുകയായിരുന്നു. ലാഹോര്‍ ഖലന്തേഴ്‌സ്-കറാച്ചി കിംഗ്‌സ് മത്സരത്തിന് ശേഷം മാച്ച് റഫറി മുമ്പാകെയും ഫഖര്‍ സമന്‍ തന്റെ വാദങ്ങള്‍ ഉന്നയിച്ചിരുന്നു.

കറാച്ചി കിംഗ്‌സിന്റെ ഇന്നിംഗ്‌സിലെ അവസാന ഓവറിന് തൊട്ടുമുമ്പ് ഫഖര്‍ സമന്‍, ഷഹീന്‍ ഷാ അഫ്രീദി, പേസര്‍ ഹാരിസ് റൗഫ് എന്നിവരില്‍ നിന്ന് അമ്പയര്‍ ഫൈസല്‍ അഫ്രീദി പന്ത് പരിശോധനക്കായി ആവശ്യപ്പെട്ടിരുന്നു. കറാച്ചി കിംഗ്സിനെതിരെയുള്ള മത്സരത്തിന്റെ അവസാന ഓവറിന് തൊട്ടുമുന്‍പായിരുന്നു സംഭവങ്ങളുടെ തുടക്കം. ലാഹോര്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ് എന്നിവര്‍ അസാധാരണമായ രീതിയില്‍ പന്ത് കൈകാര്യം ചെയ്യുന്നത് അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇടപെട്ട അമ്പയര്‍മാര്‍ പന്ത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ലാഹോറിന് അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കുകയും ചെയ്തു. പന്ത് പരിശോധിച്ച ശേഷം സഹ അമ്പയര്‍ ഷുജാഡൗലയുമായി ആലോചിച്ച് ഫൈസല്‍ അഫ്രീദി ഖലന്തേഴ്‌സിന് അഞ്ച് റണ്‍ പെനാല്‍റ്റിയും ഏര്‍പ്പെടുത്തിയിരുന്നു. പന്തും മാറ്റി നല്‍കിയിരുന്നു. ഇതില്‍ ഷഹീന്‍ ഷാ അഫ്രീദി പ്രതിഷേധിച്ചെങ്കിലും അമ്പയര്‍ തീരുമാനം മാറ്റിയില്ല. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ലാഹോറിന് പ്രതിരോധിക്കേണ്ടിയിരുന്നത്. എന്നാല്‍ പെനാല്‍റ്റി വന്നതോടെ ഇത് വെറും ഒന്‍പത് റണ്‍സായി കുറഞ്ഞു. അഞ്ച് റണ്‍സിന്റെ കുറവ് കറാച്ചി കിംഗ്‌സിന് വിജയം എളുപ്പമാക്കി മാറ്റി.


24 News 28 days ago
Home Flash News