Select Location
All Locations
State
Region
City / District
#സുരക്ഷ മുൻകരുതൽ: ദുബായിലെ പള്ളികളിൽ പൊതു പ്രാർഥനാ ചടങ്ങുകൾക്ക് നിയന്ത്രണം

സുരക്ഷ മുൻകരുതൽ: ദുബായിലെ പള്ളികളിൽ പൊതു പ്രാർഥനാ ചടങ്ങുകൾക്ക് നിയന്ത്രണം

ദുബായ് ∙ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളിൽ പൊതു പ്രാർഥനാ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വലിയ ആഴ്ചയിലെ പ്രധാന ശുശ്രൂഷയായ ദുഃഖവെള്ളി തിരുകർമങ്ങൾ ഉൾപ്പെടെയാണ് പള്ളികളിൽ ഒഴിവാക്കി. പകരം ചിലയിടങ്ങളിൽ വിശ്വാസികൾക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, ദുബായിലെ ഹിന്ദു ക്ഷേത്രവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചു.

സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദേശത്തെത്തുടർന്നാണ് പാതിരാ കുർബാന ഉൾപ്പെടെയുള്ള പൊതുവായ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പള്ളികളിൽ നേരിട്ടെത്താതെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പ്രാർഥനകളിൽ പങ്കുചേരണമെന്ന് അധികൃതർ സർക്കുലറിലൂടെ നിർദേശിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും വിശ്വാസികൾ സഹകരിക്കണമെന്നും സഭാധികൃതർ അറിയിച്ചു. ദുബായിലെയും സമീപപ്രദേശങ്ങളിലെയും പ്രധാന പള്ളികളെല്ലാം ഈ നിർദേശം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

യുഎഇ സർക്കാരിൽ നിന്നുള്ള കർശന നിർദേശത്തെ തുടർന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.അജു ഏബ്രഹാം അറിയിച്ചു. ദേവാലയം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്നും ഓൺലൈൻ സ്ട്രീമിങ് ഉണ്ടായിരിക്കില്ലെന്നും ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ച് അധികൃതർ വിശ്വാസികളോട് പറഞ്ഞു. ∙ ദുബായിലെ ഹിന്ദു ക്ഷേത്രവും അടച്ചു അധികൃതരുടെ അറിയിപ്പിനെ തുടർന്ന് ദുബായ് ജബൽ അലിയിലെ ഹിന്ദു ക്ഷേത്രവും അടച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ഷേത്രം തുറക്കില്ലെന്ന് ബന്ധപ്പെട്ടവർ വിശ്വാസികളെ അറിയിച്ചു. ∙ നിയന്ത്രണങ്ങൾ ബാധകമായ പ്രധാന ദേവാലയങ്ങൾ ദുബായ് ഊദ് മേത്തയിലെ സെന്റ് മേരീസ് കാത്തലിക് ചർച്ച്, ഹോളി ട്രിനിറ്റി ചർച്ച്, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച്, സെന്റ് മിന കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് , സിഎസ്ഐ പാരിഷ്. ഇവിടുത്തെ ശുശ്രൂഷകള്‍ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാക്കും. ഈ ദേവാലയങ്ങളിലെ പ്രത്യേക പ്രാർഥനകളും നിയന്ത്രണങ്ങളോടെ മാത്രമാകും നടക്കുക.


Manorama News 29 days ago
Home Flash News