ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യം; ഗ്ലോബൽ ടെററിസം ഇൻഡക്സിൽ പാകിസ്ഥാൻ ഒന്നാമത്
പതിറ്റാണ്ടുകളായി ഭീകരവാദത്തെ വളർത്തുന്നു എന്ന ആരോപണം നേരിടുന്ന പാകിസ്ഥാൻ ഇപ്പോൾ അതിന്റെ ഏറ്റവും വലിയ ഇരയായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട്. 2026-ലെ ആഗോള ഭീകരവാദ സൂചികയിൽ( ഗ്ലോബൽ ടെററിസം ഇൻഡക്സിൽ (GTI)) ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഒന്നാമതെത്തി.
2025-ൽ ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് പാകിസ്ഥാൻ. 1,139 മരണങ്ങൾ, 1,045 ആക്രമണങ്ങൾ, 1,595 പേർക്ക് പരിക്ക്, 655 പേരെ ബന്ദികളാക്കൽ എന്നിവയാണ് ഭീകരവാദം കാരണം 2025ൽ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്.
8.574 സ്കോറോടെ മറ്റ് രാജ്യങ്ങളെ പിന്നിലാക്കിയാണ് പാകിസ്ഥാൻ പട്ടികയിൽ ഒന്നാമതായത്. തുടർച്ചയായ ആറാം വർഷമാണ് പാകിസ്ഥാനിൽ ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിക്കുന്നത്.
2025-ൽ ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലെല്ലാം സാഹചര്യം മെച്ചപ്പെട്ടപ്പോൾ, സ്ഥിതിഗതികൾ വഷളായ ഒരേയൊരു രാജ്യം പാകിസ്ഥാനാണ്. രാജ്യത്തെ ആകെ ആക്രമണങ്ങളുടെ 74 ശതമാനവും മരണങ്ങളുടെ 67 ശതമാനവും റിപ്പോർട്ട് ചെയ്തത് ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ്.
തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) ആണ് അക്രമങ്ങൾക്ക് പിന്നിലെ പ്രധാന ഗ്രൂപ്പ്. 2025-ൽ നടന്ന 595 ആക്രമണങ്ങൾക്കും 637 മരണങ്ങൾക്കും ടിടിപി ഉത്തരവാദികളാണ്. ഇത് രാജ്യത്തെ ആകെ മരണസംഖ്യയുടെ 56 ശതമാനമാണ്.
കൊലപാതകങ്ങൾ 450 ശതമാനം വർദ്ധിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ മരണസംഖ്യ ഉയരുകയും ചെയ്തു. ടിടിപി ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും തുടങ്ങിയിട്ടുണ്ട്. ഏകദേശം 6,000 മുതൽ 6,500 വരെ ടിടിപി ഭീകരർ അഫ്ഗാനിസ്ഥാനിലിരുന്ന് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുന്നു. ഇത്തരം ആക്രമണങ്ങളിൽ 85 ശതമാനവും അഫ്ഗാൻ അതിർത്തിയുടെ 10 മുതൽ 50 കിലോമീറ്റർ പരിധിയിലാണ് നടക്കുന്നത്.