ലോകസമാധാനത്തിനായുള്ള ആഹ്വാനം: പ്രാർഥനാനിർഭരമായി ഗൾഫ്; വിശ്വാസപ്പൊലിമയിൽ ഇന്ന് പെരുന്നാളാഘോഷം
ദുബായ് ∙ ലോകം സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും, സമാധാനത്തിന്റെയും കരുണയുടെയും സന്ദേശവുമായി ഗൾഫ് നാടുകളിൽ ഇന്ന് പെരുന്നാൾ( ഈദുൽ ഫിത്‌ർ) ആഘോഷിക്കുന്നു. ആത്മീയ ചൈതന്യം തുളുമ്പുന്ന ഒരു മാസത്തെ റമസാൻ വ്രതാനുഷ്ഠാനത്തിന് വിരാമമിട്ട്, വിശ്വാസികൾ ഇന്ന് പുലർച്ചെ തന്നെ പള്ളികളിൽ പ്രാർഥനയ്ക്കായി ഒത്തുചേർന്നു. മേഖലയിലെ സംഘർഷം കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം ഈദ് ഗാഹുകളിലും തുറസ്സായ സ്ഥലങ്ങളിലും നമസ്കാരത്തിന് അനുമതിയുണ്ടായിരുന്നില്ല.
അനിശ്ചിതത്വങ്ങൾക്കിടയിലും വിശ്വാസത്തിലടിയുറച്ച വ്രതശുദ്ധിയോടെയാണ് പ്രവാസ ലോകം ഈ പെരുന്നാളിനെ വരവേൽക്കുന്നത്. പുലർകാലത്തെ നേരിയ തണുപ്പിനെ വകഞ്ഞുമാറ്റി പള്ളികളിൽ നിന്നുയർന്ന തക്ബീർ മന്ത്രങ്ങൾ വിശ്വാസികൾക്ക് ആശ്വാസത്തിന്റെ തണലായി. വിവിധ പള്ളികളിൽ നടന്ന പെരുന്നാൾ ഖുതുബ (പ്രസംഗം)കളിൽ പ്രധാനമായും ഉയർന്നുകേട്ടത് ലോകസമാധാനത്തിനായുള്ള ആഹ്വാനമാണ്. നമ്മുടെ സന്തോഷങ്ങൾക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സ്മരിക്കണമെന്ന് ഖത്തീബുമാർ വിശ്വാസികളെ ഓർമിപ്പിച്ചു. റമസാൻ നമുക്ക് പകർന്നുനൽകിയ ക്ഷമയും സഹനവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം. പരസ്പര സ്നേഹത്തിലൂടെയും ഐക്യത്തിലൂടെയുമാകണം നാം ഈ പ്രതിസന്ധികളെ മറികടക്കേണ്ടത്..
മിസൈൽ പ്രതിരോധം പോലുള്ള വാർത്തകൾക്കിടയിലും യുഎഇയിലെങ്ങും സമാധാനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പുഞ്ചിരിക്കുന്ന മുഖങ്ങളും സൗഹൃദം പങ്കിടുന്ന പ്രവാസികളും ഈ പെരുന്നാളിനെ പ്രത്യാശയുടെയും അതിജീവനത്തിന്റെയും പ്രതീകമാക്കി മാറ്റുന്നു.