'ഹൃദയ തുടിപ്പാണ് കെ എസ് യു, ജീവ ശ്വാസമാണ് കോണ്‍ഗ്രസ്, രാജി നൽകിയിട്ടില്ല'
കെ എസ് യു സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റുമായി അലോഷ്യസ് സേവ്യര്‍. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, തനിക്കു വേണ്ടിയോ തന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും പ്രവർത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. സീറ്റ് കിട്ടാത്തതിന് പിന്നാലെ, കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്.
'ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു.
ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യുവിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം. എന്റെ സഹപ്രവർത്തകർ പൊലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടപെടുമ്പോഴും, സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്. വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ. എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു, എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി'. – അദ്ദേഹം വ്യക്തമാക്കുന്നു.
കെ എസ് യു സംസ്ഥാന അധ്യക്ഷൻ എന്ന നിലയ്ക്ക് ഇത്തവണ തനിക്ക് സ്ഥാനാർഥിത്വം ലഭിക്കുമെന്ന് അലോഷ്യസ് സേവ്യർ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ എസ് യു സംസ്ഥാന അധ്യക്ഷന്മാർക്ക് സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ അലോഷ്യസ് സേവ്യർക്ക് സീറ്റ് ലഭിക്കില്ലെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് കെ.എസ്.യു. അധ്യക്ഷ സ്ഥാനം രാജിവെക്കാൻ അദ്ദേഹം തീരുമാനിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.