'മദ്യപാനം പൂർണമായും നിർത്തി, ആരോഗ്യത്തോടെ ഇനിയും കളിക്കണം'; വെളിപ്പെടുത്തി ഇന്ത്യൻ താരം
മുംബൈ: താൻ മദ്യപാനം പൂർണമായി നിർത്തിയെന്നു വെളിപ്പെടുത്തി ഇന്ത്യൻ താരവും സ്പിന്നറുമായ യുസ്‍വേന്ദ്ര ചഹൽ. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് താരമാണ് ചഹൽ. പഞ്ചാബിനായി ഐപിഎൽ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് താനെന്നും ഫിറ്റ്നസ് മെച്ചപ്പെടുത്തി ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമമെന്നും ചഹൽ വ്യക്തമാക്കി.
'മതിയായി, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറ് മസത്തിലേറെയായി മദ്യം കഴിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസുണ്ട്. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി 150 ശതമാനവും നൽകണം.
ഒരു മുതിർന്ന താരമെന്ന നിലയിൽ യുവ താരങ്ങൾ എന്നിൽ നിന്നു എന്തെങ്കിലുമൊക്കെ പഠിക്കണം എന്നാണ് ഞാൻ കരുതുന്നത്'- എബി ഡിവില്ല്യേഴ്സിന്റെ യുട്യൂബ് ചാനലിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് ഫൈനൽ കളിച്ചിരുന്നു. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോടു പരാജയപ്പെട്ടു. ഇതുവരെ കിരീടം നേടാത്ത ടീമാണ് പഞ്ചാബ്. 18 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിയെക്കുറിച്ചും ചഹൽ ചാനലിൽ വിശദീകരിക്കുന്നുണ്ട്.
'കഴിഞ്ഞ ഫൈനലിൽ മാർക്കോ യാൻസൻ ഞങ്ങൾക്കായി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും യാൻസൻ അത്ര മികച്ച രീതിയിലാണ് കളിച്ചത്. ബാറ്റിങിനിറങ്ങിയാൽ ഉറപ്പായും രണ്ടോ മൂന്നോ സിക്സുകൾ അടിക്കാൻ യാൻസനു സാധിക്കും. അദ്ദേഹത്തിന്റെ ബൗളിങും മികച്ചതാണ്.
പഞ്ചാബിനെതിരെ ഇത്തവണ കളിക്കുന്ന എതിർ ടീമിലെ ഓപ്പണർമാർക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ല'- ചഹൽ വ്യക്തമാക്കി.
മദ്യപിച്ച് അവശനായ ചഹലിനെ സുഹൃത്തുക്കൾ ചേർന്നു വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൽ മുൻപ് പുറത്തു വന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ചഹൽ ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടില്ല. 2023 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ചൈനാമെൻ ബൗളർ കുൽദീപ് യാദവ് തന്റെ സ്ഥാനം ടീമിലുറപ്പിച്ചതോടെ ചഹലിനു അവസരങ്ങൾ നഷ്ടമായി. ഇന്ത്യക്കായി 72 ഏകദിനങ്ങലും 80 ടി20 മത്സരങ്ങളും ചഹൽ കളിച്ചിട്ടുണ്ട്.
ഐപിഎല്ലിൽ നേരത്തെ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കായി ചഹൽ കലിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാന താരമാണ്.