ടി.കെ.ഗോവിന്ദൻ അവസരവാദിയെന്ന് സിപിഎം; പാർട്ടിയിൽനിന്ന് പുറത്താക്കി
കണ്ണൂർ∙ തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക. രാഗേഷ്. പാർലമെന്ററി സ്ഥാനത്തിനു വേണ്ടി യുഡിഎഫിന്റെ ചട്ടുകമായി ഗോവിന്ദൻ മാറിയെന്നും രാഗേഷ് ആരോപിച്ചു. പാർലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടിൽ ഗോവിന്ദൻ വീണു. പാർലമെന്ററി സ്ഥാനത്തേക്കാൾ വലുത് പാർട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്കു പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്നും വാർത്താസമ്മേളനത്തിൽ രാഗേഷ് ആരോപിച്ചു.
‘‘ടി.കെ. ഗോവിന്ദൻ പാർലമെന്ററി മോഹവുമായി നടക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന പാർട്ടി നേതാക്കൾ അത്തരം മോഹം കൊണ്ടുനടക്കാറില്ല. ടി.കെ. ഗോവിന്ദന്റെ പേര് കമ്മിറ്റികളിൽ ആരും പറഞ്ഞിട്ടില്ല. തന്നെ സ്ഥാനാർഥിയാക്കണം എന്ന് ആരും പറയാറില്ല. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം ‘എന്നെ എന്തുകൊണ്ടു പരിഗണിക്കുന്നില്ല’ എന്നു ചോദിച്ചു. ഏതു സ്ഥാനാർഥിയെ നിർത്തിയാലും ഇതേ നിലപാടായിരിക്കും ഗോവിന്ദൻ സ്വീകരിക്കുക. നടപടികൾ പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയത്. നിലവിൽ നിശ്ചയിച്ചവരെക്കാൾ മികച്ച സ്ഥാനാർഥികളുണ്ടാകാം. വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിച്ചാണ് കണ്ണൂർ ജില്ലയിൽ സ്ഥാനാർഥികളെ നിശ്ചയിച്ചത്. പല ജില്ലകളിലും നേതാക്കൻമാരുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർഥിയായിട്ടുണ്ട്. അത് ബന്ധുത്വം മാത്രം പരിഗണിച്ചല്ല, അവരുടെ പാർട്ടിയിലെ പ്രവർത്തനം പരിഗണിച്ചാണ്. അതുപോലെയാണ് ശ്യാമളയെയും സ്ഥാനാർഥിയാക്കിയത്. കണ്ണൂർ ജില്ലയിൽ രണ്ട് വനിതാ സ്ഥാനാർഥികളുണ്ടാകണമെന്ന് പാർട്ടി തീരുമാനിച്ചു. ശ്യാമളയുടെ പേര് ഉയർന്നുവന്നത് പാർട്ടി സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല.