അമേരിക്കയിൽ നിന്ന് തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ മാറ്റണം; ഫിഫയോട് ഇറാൻ
2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇറാൻ. ഈ വിഷയത്തിൽ ഫിഫ അധികാരികളുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ കടുക്കുന്നതിനിടയിലാണ് ടീമിന്റെ സുരക്ഷയെ ചൂണ്ടിക്കാട്ടിയുള്ള ഇറാനിന്റെ പുതിയ നീക്കം. സുരക്ഷാവിഷയത്തിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ അമേരിക്കയിൽ നിശ്ചയിച്ചിരുന്ന ടീമിന്റെ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന ആവശ്യം ഇറാൻ ഉന്നയിക്കുന്നത്. ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നെ രാജ്യങ്ങൾ സംഘടിപ്പിക്കുന്ന ലോകകപ്പിൽ ഇറാൻ, ബെൽജിയം, ഈജിപ്ത്, ന്യൂസിലാൻഡ് ടീമുകളോടൊപ്പം ഗ്രൂപ്പ് ജി -യിൽ കളിക്കാനായിരുന്നു പദ്ധതി. ലോസ് ആഞ്ചലസിലും സിയാറ്റിലുമാണ് ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
ആവശ്യം അംഗീകരിക്കപ്പെടാത്ത പക്ഷം, ലോകകപ്പിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പുനരാലോചന നടത്തേണ്ടിവരുമെന്നും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി. വിഷയത്തിൽ ഫിഫയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.