'കളിക്കാരുടെ ലോകകപ്പ് സ്വപ്‌നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍'
ധാക്ക: ടി20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പുറത്താകല്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ സാധിക്കില്ലെന്ന കടുത്ത നിലപാടുമായി അവര്‍ നിന്നതോടെയാണ് ഐസിസി ബംഗ്ലാദേശിനെ പുറത്താക്കിയത്. എന്നാല്‍ രാഷ്ട്രീയ കാരങ്ങളാലുള്ള ഈ തീരുമാനം കളിക്കാരെ സംബന്ധിച്ചു വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നു തുറന്നു സമ്മതിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സഹ പരിശീലകന്‍ മുഹമ്മദ് സലാഹുദ്ദീന്‍.
വിഷയം ഇത്രയും വഷളാക്കിയത് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന ആസിഫ് നസ്‌റുലാണെന്നു പരിശീലകന്‍ തുറന്നടിച്ചു.
വിഷയത്തില്‍ ബംഗ്ലാദേശ് താരങ്ങളെ നേരില്‍ കണ്ട് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത് ആസിഫ് നസ്‌റുലായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ പുറത്താക്കിയതിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത് എന്നായിരുന്നു നസ്‌റുല്‍ അവകാശപ്പെട്ടത്. ഇക്കാര്യമാണ് മുഹമ്മദ് സലാഹുദ്ദീന്‍ ചോദ്യം ചെയ്യുന്നത്.
'അയാള്‍ നുണയനാണ്. ടീമിലെ ചില താരങ്ങള്‍ക്ക് വലിയ മാനസിക ആഘാതമാണ് ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്ന തീരുമാനം ഉണ്ടാക്കിയത്. ഒരാഴ്ചയോളമാണ് ചില താരങ്ങള്‍ മാനസികമായി കോമയിലായത്. അയാളൊരു അധ്യാപകനാണ്. അധ്യാപന്‍ എങ്ങനെയാണ് ഇങ്ങനെ നുണ പറയുന്നത് എന്നു സങ്കല്‍പ്പിക്കാന്‍ പോലും എനിക്കു സാധിക്കുന്നില്ല.'