ട്രംപ് ഭരണത്തിൽ അതൃപ്തിയുമായി ഇന്ത്യൻ വംശജർ; കുടിയേറ്റ-സാമ്പത്തിക നയങ്ങളിൽ വിയോജിപ്പ്
വാഷിങ്ടൻ∙ ഒന്നാം ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യൻ വംശജർക്ക് അതൃപ്തി. 29% ഇന്ത്യൻ അമേരിക്കക്കാർ മാത്രമാണ് ട്രംപിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്. കുടിയേറ്റ നയം (64%), സാമ്പത്തിക നയം (68%), വ്യാപാര തീരുവകൾ (70%) എന്നിവയിൽ കടുത്ത വിയോജിപ്പുണ്ട്. കാർണഗി എൻഡോവ്‌മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ ‘2026 ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേ (IAAS)’ യിലാണ് കണ്ടെത്തൽ.
മറ്റു വിദേശരാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉഭയകക്ഷി ബന്ധം കൈകാര്യം ചെയ്യുന്ന രീതിയെ 55% പേർ എതിർക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയോടുള്ള ആഭിമുഖ്യം 46% ആയി കുറഞ്ഞു. റിപബ്ലിക്കൻ അനുഭാവം 19% ആയും സ്വതന്ത്ര നിലപാടുകാർ 29% ആയും ഉയർന്നു. വിലക്കയറ്റം (21%), തൊഴിലില്ലായ്മ (17%) എന്നിവയാണ് ഇന്തോ– അമേരിക്കൻ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. നിറത്തിന്റെയും വംശത്തിന്റെയും പേരിൽ യുഎസിൽ വിവേചനം നേരിടുന്ന ഇന്ത്യൻ വംശജരുടെ എണ്ണം വർധിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ ഇന്ത്യാ – വിരുദ്ധ ഉള്ളടക്കങ്ങൾ വർധിക്കുന്നത് മൂന്നിലൊന്ന് ആളുകളെയും രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. എങ്കിലും, മെച്ചപ്പെട്ട ജീവിതത്തിനായി മൂന്നിലൊന്ന് ആളുകളും യുഎസ് തന്നെയാണ് ശുപാർശ ചെയ്യുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മതപരമായ പരാമർശങ്ങൾ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതായും സർവ്വേ ചൂണ്ടിക്കാട്ടുന്നു.