തിലക് റണ്ണെടുക്കാതെ 'ബോള്‍' ചുമ്മാ കളഞ്ഞ് വട്ടം തിരിയുന്നു; 'സ്‌ട്രൈക്ക് റേറ്റ് 275' ഉള്ള സഞ്ജു കളിക്കണം!
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ നിര്‍ണായക പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകുമ്പോള്‍ ബാറ്റിങ് നിരയുടെ ഫോമില്‍ ആശങ്കപ്പെട്ട് മെന്‍ ഇന്‍ ബ്ലു സംഘം. നാളെ വൈകീട്ട് ഏഴിന് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായാണ് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. മലയാളി താരം സഞ്ജു സാംസണെ പ്ലയിങ് ഇലവനിലേക്ക് പരിഗണിക്കുമെന്ന വാര്‍ത്തകളും ഇപ്പോള്‍ വരുന്നുണ്ട്. ഓപ്പണിങില്‍ അഭിഷേക് ശര്‍മ 3 കളികളിലും പൂജ്യത്തിനു പുറത്തായതും പരിക്കു മാറി ടീമിലേക്ക് തിരിച്ചെത്തിയ തിലക് വര്‍മ സ്വാഭാവിക കളി പുറത്തെടുക്കാന്‍ സാധിക്കാതെ വട്ടം തിരിയുന്നതും ടീമിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.
ഈ ഘട്ടത്തിലാണ് സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ആരാധകര്‍ ശക്തമാക്കിയത്.
തിലകിന്റെ ഫോമില്ലായ്മ തലവേദനയായി നില്‍ക്കുന്ന ഘട്ടത്തിലാണ് സഞ്ജുവിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്. ക്രീസില്‍ നിലയുറപ്പിക്കാനായി വല്ലാതെ ഡോട്ട് ബോളുകള്‍ തിലക് കളിക്കുന്നത് ടീം സ്‌കോറിങിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. തിളങ്ങിയാലും ഇല്ലെങ്കിലും അധികം ഡോട്ട് ബോളുകള്‍ക്ക് ഇടം ഇന്നിങ്‌സില്‍ നല്‍കാത്ത താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വണ്‍ ഡൗണ്‍ ഇറങ്ങി ശീലമുള്ള താരം കൂടിയാണ്. മാത്രമല്ല ടീമിലെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടം കൈയന്‍മാരാകുന്നത് ഒഴിവാക്കാന്‍ വലം കൈയനായ സഞ്ജുവിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലും ഉണ്ട്.
ഈ ലോകകപ്പില്‍ നമീബിയക്കെതിരെ മാത്രമാണ് സഞ്ജു കളിച്ചത്. അഭിഷേകിനു പകരം ഓപ്പണറായി എത്തിയ സഞ്ജു 8 പന്തില്‍ 22 റണ്‍സെടുത്തു മടങ്ങിയെങ്കിലും പരിശീലകന്‍ ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ സഞ്ജു നല്‍കിയ മിന്നും തുടക്കത്തെ അഭിനന്ദിച്ചിരുന്നു. ഒറ്റ കളി മാത്രമാണ് സഞ്ജു ലോകകപ്പില്‍ കളിച്ചത്. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഈയൊരറ്റ കളിയില്‍ നിന്നു സഞ്ജു സ്വന്തമാക്കി എന്നതാണ് മറ്റൊരു കൗതുകം. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 275 ആണ്. മറ്റൊരു താരവും ഈ സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കിയിട്ടില്ല.