ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട്: പോരായ്മകൾ പരിഹരിക്കാൻ ടാസ്‌ക് ഫോഴ്‌സ്; പുതുക്കിയ റിപ്പോർട്ട് 26-ന് കോടതിയിൽ
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കാൻ ദേവസ്വം ബോർഡ് അടിയന്തര നടപടികൾ ആരംഭിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ടെന്നും പത്ത് ദിവസത്തിനകം യുദ്ധകാല അടിസ്ഥാനത്തിൽ ഇവ പരിഹരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. ഇതിനായി ദേവസ്വം കമ്മീഷണർ, അക്കൗണ്ട്സ് ഓഫീസർ, ചീഫ് എൻജിനീയർ എന്നിവർ അടങ്ങുന്ന ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.
നിലവിൽ കോടതിയിൽ ഓഡിറ്റ് റിപ്പോർട്ട് മാത്രമാണ് നൽകിയിട്ടുള്ളതെന്നും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും ബോർഡ് അറിയിച്ചു. നിലവിലെ റിപ്പോർട്ട് അന്തിമമായി ബോർഡ് കാണുന്നില്ല. ഓഡിറ്റർ ഉന്നയിച്ച പല കാര്യങ്ങൾക്കും കൃത്യസമയത്ത് മറുപടി നൽകാൻ ബോർഡിന് സാധിച്ചിരുന്നില്ലെന്നും, അത് ഓഡിറ്ററുടെ കുറ്റമായി കാണുന്നില്ലെന്നും കെ ജയകുമാർ വ്യക്തമാക്കി. ടാസ്‌ക് ഫോഴ്‌സ് ഓഡിറ്ററുമായി ചർച്ച നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി ഈ മാസം 26-ന് പുതുക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.