ദേശീയ കാർ റേസിങ് ചാമ്പ്യൻഷിപ്പ്: കൊച്ചി സ്വദേശി ജോയൽ ജോസഫ് വൈസ് ചാമ്പ്യനായി
ദേശീയ മോട്ടോർ സ്പോർട്സ് വേദിയിൽ വേഗതയുടെ കരുത്തുമായി കൊച്ചിയുടെ യുവതാരം. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന 2025-ലെ MRF MMSC FMSCI ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പിൽ (1300 സിസി വിഭാഗം) ജോയൽ ജോസഫ് എടാശ്ശേരി വൈസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 ഓളം മുൻനിര റേസിങ് താരങ്ങൾ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഈ ഇരുപതുകാരൻ അഭിമാന നേട്ടം കൈവരിച്ചത്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സെൻട്രൽ ക്യാമ്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ജോയൽ.
സീസണിലുടനീളം നടന്ന 11 ആവേശകരമായ റേസുകളിൽ നിന്ന് 147 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ജോയൽ കരസ്ഥമാക്കി. വെറും ഒരു പോയിന്റിന്റെ നേരിയ വ്യത്യാസത്തിലാണ് ജോയലിന് ചാമ്പ്യൻഷിപ്പ് കിരീടം നഷ്ടമായത്. എങ്കിലും ട്രാക്കിൽ താരം പുലർത്തിയ സ്ഥിരതയും നിശ്ചയദാർഢ്യവും മോട്ടോർ സ്പോർട്സ് വിദഗ്ദ്ധരുടെ വലിയ പ്രശംസ പിടിച്ചുപറ്റി. കേരളത്തിൽ നിന്നുള്ള പ്രശസ്ത റേസിംഗ് ചാമ്പ്യനും പരിശീലകനുമായ ദിൽജിത്ത് ടി.എസ്സിന്റെ കീഴിലായിരുന്നു ജോയലിന്റെ പരിശീലനം.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ടീം ഡിടിഎസ് റേസിങ്ങിനെ (Team DTS Racing) പ്രതിനിധീകരിച്ചാണ് ജോയൽ ട്രാക്കിലിറങ്ങിയത്.
കഠിനാധ്വാനവും കൃത്യമായ അച്ചടക്കവുമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് ജോയൽ പറയുന്നു. വരും സീസണുകളിൽ കൂടുതൽ കരുത്തോടെ ട്രാക്കിലിറങ്ങാനും ചാമ്പ്യൻ കിരീടം സ്വന്തമാക്കാനുമാണ് ഈ യുവതാരത്തിന്റെ ലക്ഷ്യം.
YOU MAY LIKE