കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടാണ് മമ്മൂട്ടി ഇക്കാര്യം ചോദിച്ചത്
അടുത്ത വർഷം ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം കേരളത്തിലോ?ദേശീയ ചലച്ചിത്ര പുരസ്കാരചടങ്ങ് കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമോയെന്ന ചോദ്യവുമായി നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടാണ് മമ്മൂട്ടി ഇക്കാര്യം ചോദിച്ചത്. ഹസ്തദാനം നൽകി ചിരിച്ചുകൊണ്ടായിരുന്നു അശ്വിനി വൈഷ്ണവിന്റെ പ്രതികരണം.
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. ഗുജറാത്തിലെ ഏക്താ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനൊപ്പം മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം ഇനി മുതലുള്ള ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങുകൾ സ്ഥിരം വേദിയായ ഡൽഹിക്ക് പുറത്ത് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി സംഘടിപ്പിക്കും. ഇതിന്റെ തുടക്കമെന്നോണമാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഗുജറാത്തിലെ ഏകതാ നഗറിൽ നടന്നത്.ഇന്ത്യയുടെ സാംസ്കാരികവും ചലച്ചിത്രപരവുമായ വൈവിധ്യം ഉയർത്തിക്കാട്ടുന്നതിനായി വരും വർഷങ്ങളിൽ ചടങ്ങുകൾ വ്യത്യസ്ത സംസ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷത്തെ അവാർഡ് ദാനച്ചടങ്ങ് ഏത് സംസ്ഥാനത്താണ് നടക്കുക എന്ന കാര്യത്തിൽ കൃത്യമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
മലയാള സിനിമകൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ വരും വർഷങ്ങളിൽ കേരളവും സാധ്യതാപട്ടികയിലുണ്ട്.