പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങൾ ശേഖരിച്ച ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾക്ക് ഒരുങ്ങുകയാണ്
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ ED കേസ്
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്നിവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങൾ ശേഖരിച്ച ഇ.ഡി, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾക്ക് ഒരുങ്ങുകയാണ്.
നേരത്തെ വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് അന്വേഷണം നടത്തിയിരുന്നെങ്കിലും, വഞ്ചനാക്കുറ്റം നിലനിൽക്കുന്നതിനാൽ കൂടുതൽ വിപുലമായ അന്വേഷണത്തിലേക്കാണ് ഇ.ഡി കടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അടുത്തിടെ നടത്തിയ റെയ്ഡിന്റെ വിവരങ്ങളും പിടിച്ചെടുത്ത രേഖകളും ഇ.ഡി ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു വരികയാണ്.
സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തി എസ്‌ഐടി രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. പ്രെഡിക്കേറ്റീവ് ഒഫൻസ് എന്ന നിലയിൽ പോലീസിന്റെ എഫ്.ഐ.ആർ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസ് പ്ലാൻ ചെയ്യുന്നത്. നേരത്തെ വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെങ്കിലും, പി.എം.എൽ.എ പ്രാബല്യത്തിൽ വരുന്നതോടെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് വരും ദിവസങ്ങളിൽ ഇ.ഡി കടന്നേക്കും.