ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്തിയ സാഹചര്യത്തിൽ, വോറയ്ക്കെതിരെ നേരത്തെ നൽകിയ പരാതി പിൻവലിക്കുമെന്നും മേത്ത അറിയിച്ചു
15 വർഷത്തെ വസ്തുതർക്കവുമായി മോദിയുടെ സഹപാഠി കാണാനെത്തി; 'തർക്കഭൂമി' വിട്ടു നൽകി ബിജെപി എംഎൽഎ
മുംബൈയിലെ ഭയന്ദറിലെ 15 വർഷം പഴക്കമുള്ള ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) സഹപാഠിയായ 81കാരൻ അസ്ഗർ അലി വോറ അദ്ദേഹത്തെ കണ്ടതിന് പിന്നാലെ, തർക്കഭൂമിയിലെ കൈവശാവകാശം ഉപേക്ഷിക്കുമെന്നും ഇതിനായി ലഭിച്ച നിർമാണാനുമതി തിരികെ നൽകുമെന്നും ബിജെപി എംഎൽഎ നരേന്ദ്ര മേത്ത അറിയിച്ചു.
തന്റെ ഉടമസ്ഥതയിലുള്ള 2,810 ചതുരശ്ര മീറ്റർ ഭൂമി ‘സ്വയം ബിൽഡേഴ്സും’ മേത്തയുടെ ഉടമസ്ഥതയിലുള്ള ‘സെവൻ ഇലവൻ കൺസ്ട്രക്ഷൻസും’ കൈയേറിയെന്നാരോപിച്ചാണ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വോറ സെപ്റ്റംബർ 8ന് പ്രധാനമന്ത്രി മോദിയെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സർക്കാർ അധികൃതർ വിഷയത്തിൽ ഇടപെടുകയും ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റായ മന്ത്രാലയത്തിൽ യോഗം വിളിച്ചുചേർക്കുകയും ചെയ്തതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.
ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്തിയ സാഹചര്യത്തിൽ, വോറയ്ക്കെതിരെ നേരത്തെ നൽകിയ പരാതി പിൻവലിക്കുമെന്നും മേത്ത അറിയിച്ചു.
2,810 ചതുരശ്ര മീറ്റർ ഭൂമിക്കായി 15 വർഷത്തെ പോരാട്ടം
1989ൽ ഭയന്ദർ ഈസ്റ്റിലെ നവ്ഘറിൽ ഏകദേശം 2,810 ചതുരശ്ര മീറ്റർ ഭൂമി വാങ്ങിയതായാണ് അസ്ഗർ അലി വോറ പറയുന്നത്. 2011ൽ ‘സ്വയം ബിൽഡേഴ്സും’ മേത്തയുടെ ‘സെവൻ ഇലവൻ കൺസ്ട്രക്ഷൻസും’ ചേർന്ന് ഭൂമി കൈയേറിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞ 15 വർഷമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സർക്കാർ അധികൃതരെ സമീപിച്ചുവരികയാണെന്നും വോറ പറഞ്ഞു.
സെപ്റ്റംബർ 8ന് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും വോറ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സർക്കാർ അധികൃതർ വിഷയം ഏറ്റെടുത്തു. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീകാർ പർദേശിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച മന്ത്രാലയത്തിൽ യോഗം ചേർന്നു.
മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ എന്താണ് സംഭവിച്ചത്?
വോറ, മേത്ത, മീര-ഭയന്ദർ മുനിസിപ്പൽ കമ്മിഷണർ രാധ ബിനോദ് ശർമ, ടൗൺ പ്ലാനർ പുരുഷോത്തം ഷിൻഡെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തർക്കത്തിലുള്ള ഭൂമിയുടെ കൈവശാവകാശം ഉപേക്ഷിക്കുന്നതായും ഭൂമിയിൽ നിർമാണം നടത്തുന്നതിനായി ലഭിച്ച അനുമതി തിരികെ നൽകുന്നതായും അറിയിച്ച് മേത്ത ടൗൺ പ്ലാനിങ് വകുപ്പിന് കത്ത് നൽകി.
2019ൽ മെർവിൻ ഫെർണാണ്ടസിൽനിന്നാണ് ഭൂമി വാങ്ങിയതെന്നും മേത്ത കത്തിൽ വ്യക്തമാക്കി.
വോറയും സർക്കാർ അധികൃതരും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിൽ നിർണായക വഴിത്തിരിവാണ് മേത്തയുടെ തീരുമാനം.
വോറയ്ക്കെതിരായ പരാതി പിൻവലിക്കുമെന്ന് എംഎൽഎ
വോറയ്ക്കെതിരെ നേരത്തെ നൽകിയ പരാതി പിൻവലിക്കുമെന്നും മേത്ത അറിയിച്ചു. ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ബിജെപി എംഎൽഎ പൊലീസ് കമ്മിഷണർക്ക് മറ്റൊരു കത്തും നൽകി.
തർക്കത്തിലുള്ള ഭൂമിയുടെ കൈവശാവകാശം ഉപേക്ഷിക്കാനും നിർമാണാനുമതി തിരികെ നൽകാനുമുള്ള തീരുമാനം മേത്ത അറിയിച്ച മന്ത്രാലയത്തിലെ യോഗത്തിലാണ് പരാതി പിൻവലിക്കുന്നതിനുള്ള നടപടിയും ഉണ്ടായത്.