കഴിഞ്ഞ ഒരാഴ്ചയായി സൗദി അറേബ്യക്കെതിരെ ഹൂതികൾ നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്
സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയ്ക്ക് തെക്ക് ഭാഗത്ത് ഹൂതികൾ അയച്ച ഡ്രോൺ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി സൗദി നേതൃത്വത്തിലുള്ള യെമൻ സൈനിക സഖ്യം അറിയിച്ചു. മക്കയ്ക്ക് മുകളിലുള്ള നിരോധിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്നും സഖ്യത്തിന്റെ വക്താവ് തുർക്കി അൽ-മാലികി പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഡ്രോൺ തടഞ്ഞത്. 2017 ജൂലൈയിൽ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് ശേഷം മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും അൽ-മാലികി പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂതി അധികൃതർ നിഷേധിച്ചു. മക്കയെ ലക്ഷ്യമിട്ടെന്ന സൗദിയുടെ ആരോപണം പൂർണമായും വ്യാജമാണെന്ന് ഹൂതി രാഷ്ട്രീയ ബ്യൂറോ അംഗം മുഹമ്മദ് അൽ-ഫറാ പറഞ്ഞു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
മക്ക ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ കേന്ദ്രങ്ങളിലൊന്നും ഹജ്ജ് തീർഥാടനത്തിന്റെ പ്രധാന കേന്ദ്രവുമാണ്. നഗരത്തിന്റെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സൗദി സഖ്യം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മക്ക ഉൾപ്പെടെ വിവിധ നഗരങ്ങളിൽ സൗദി അധികൃതർ സുരക്ഷാ മുന്നറിയിപ്പുകൾ നൽകി.
കഴിഞ്ഞ ഒരാഴ്ചയായി സൗദി അറേബ്യക്കെതിരെ ഹൂതികൾ നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച ഒരു വ്യോമതാവളത്തിന് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. യെമനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്ന് ഹൂതികൾ പറഞ്ഞിരുന്നു. ആക്രമണത്തിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച സൗദിയിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണത്തിന് ഇറാനുമായി ബന്ധമുള്ള ഇറാഖ് ആസ്ഥാനമായുള്ള മറ്റൊരു സംഘടനയെയാണ് സൗദി കുറ്റപ്പെടുത്തിയത്.