'ഇത് സമരമൊന്നും അല്ല, മഞ്ജു വാര്യരെ അപമാനിക്കുന്നതും സ്റ്റോക്കിംഗും', സനൽ കുമാറിനെതിരെ ഡോ. ബിജു
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന സംവിധായകൻ സനൽ കുമാർ ശശിധരന് എതിരെ സംവിധായകൻ ഡോ. ബിജു. സനൽ കുമാർ ശശിധരൻ ചെയ്യുന്നത് സമരമല്ലെന്നും ഇത് ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റാക്കിങ്ങും ആണെന്ന് ഡോ. ബിജു കുറ്റപ്പെടുത്തി.
മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിൽ ആണെന്നുളള ആരോപണം അന്വേഷിക്കുക, തനിക്കെതിരെയുളള കള്ളക്കേസിന് പിന്നിലുളള ഗൂഢാലോചന അന്വേഷിക്കുക, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുക, അതിലെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സനൽ കുമാർ ശശിധരന്റെ സമരം.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റോക്ക് ചെയ്യുന്നതുമാണ്. ഏതാണ്ട് രണ്ട് മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരായ പോലീസ് കേസുകളിൽ എത്രയും വേഗം നീതിപൂർവമായ അന്വേഷണം നടത്തണം എന്ന ഒരേ ഒരു മാനുഷികമായ ആവശ്യം മുൻനിർത്തി സാംസ്കാരിക പ്രവർത്തകരുടെ ഒരു പ്രസ്താവനയിൽ പേര് വെക്കാൻ അദ്ദേഹം അനുമതി ചോദിച്ചപ്പോൾ ആ ഒരു ഒറ്റ വിഷയത്തിൽ മാത്രം ഒരു മാനുഷിക ആവശ്യം എന്നത് പരിഗണിച്ച് പേര് വെക്കാൻ ഞാനും സമ്മതിച്ചിരുന്നു.

ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ് . ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്തവും ഉള്ള ഒരാൾ പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്. ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റാക്കിങ്ങും ആണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കർശനമായ നടപടികൾ ഉണ്ടാവണം''.