ന്യൂയോർക്ക് സബ്‌വേ ട്രാക്കിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം
മാൻഹട്ടൻ: ന്യൂയോർക്കിലെ സബ്‌വേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു. ലോവർ മാൻഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിലാണ് ഈ ദാരുണമായി അപകടം നടന്നത്. ന്യൂജേഴ്സിയിലെ ഡെയ്റ്റണിൽ നിന്നുള്ള ഇന്ത്യൻ വംശജയായ മലൈക ചിത്രെ (24), ന്യൂജേഴ്സിയിലെ സേറെവില്ലെയിൽ നിന്നുള്ള നേപ്പാളി-അമേരിക്കനായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്.
പുലർച്ചെ 3:15-ഓടെ സ്പ്രിങ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ നമ്പർ 4 ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചതെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് (NYPD) അറിയിച്ചു. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ ശാന്തരായി ഇരിക്കുന്ന, സംഭവത്തിന്റെ ദൃക്സാക്ഷി പകർത്തിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ഇവർ ട്രാക്കിൽ കയറിയതെന്ന കാര്യത്തിലും, എങ്ങനെയാണ് ട്രാക്കിൽ എത്തിയതെന്ന കാര്യത്തിലും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഇവരിൽ ഒരാൾ ട്രാക്കിലേക്ക് വീഴുകയോ ഇറങ്ങുകയോ ചെയ്തതാകാം, തുടർന്ന് മറ്റെയാൾ സഹായിക്കാനായി താഴേക്ക് ഇറങ്ങിയതോ ആകാം. സംഭവം അപകടമാണോ അതോ ആത്മഹത്യയാണോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരുവരും ലഹരിയിലായിരുന്നോ എന്നും അപകട സാധ്യത തിരിച്ചറിയാൻ വൈകിയതാണോ എന്നും ഡിറ്റക്ടീവുകൾ പരിശോധിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.