മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാൻ തീരുമാനം. കോഴിക്കോട് നടക്കുന്ന സിപിഎം വിശാല സമിതി യോഗത്തിലാണ് തീരുമാനം. മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. ജോൺ ബ്രിട്ടാസിന് സെക്രട്ടറിയറ്റ് യോഗത്തിൽ പങ്കെടുക്കാം. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയിലാണ് സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ബ്രിട്ടാസിന് അനുമതി നൽകിയത്.
തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, പി കെ ശ്രീമതി എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയതായും വിവരമുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ ഇവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പി രാജീവിനെ എൽഎഡിഎഫ് കൺവീനറായും നിയോഗിക്കും.
സംസ്ഥാന സമിതിയിൽ 9 പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജയ്ക് സി തോമസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ, ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ ആദർശ് എം സജി എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തി.