നാഗൂർ ദർഗയിൽ ഹൈന്ദവ ദമ്പതികളുടെ വിവാഹം
മുസ്ലിം ദർഗയിൽ ഹൈന്ദവ വിവാഹം; ഹൃദയം കവർന്ന് മതസൗഹാർദ കാഴ്ച
വേളാങ്കണ്ണി പള്ളിയും നാഗൂർ ദർഗയും ഉൾപ്പെടെയുള്ള പ്രശസ്തമായ ആരാധനാലയങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന നാഗപട്ടണം, മതസൗഹാർദ പാരമ്പര്യത്തിന് പേരുകേട്ട സ്ഥലമാണ്
തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പ്രസിദ്ധമായ നാഗൂർ ദർഗയിൽ ഹൈന്ദവ ദമ്പതികളുടെ വിവാഹം നടന്നു. മുസ്‌ലിം പുരോഹിതരുടെ സാന്നിധ്യത്തിൽ മംഗളകരമായ മുഹൂർത്തത്തിലാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഈ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും മതസൗഹാർദത്തിന്റെ പ്രതീകമായി വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
വേളാങ്കണ്ണി പള്ളിയും നാഗൂർ ദർഗയും ഉൾപ്പെടെയുള്ള പ്രശസ്തമായ ആരാധനാലയങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന നാഗപട്ടണം, മതസൗഹാർദ പാരമ്പര്യത്തിന് പേരുകേട്ട സ്ഥലമാണ്. ഈ പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് മുസ്‌ലിം പുരോഹിതരുടെ പങ്കാളിത്തത്തോടെ ദർഗയിൽ വെച്ച് ഹൈന്ദവ വിവാഹം നടത്തിയത്. മൂന്ന് ഹിന്ദു കുടുംബങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും ചോറൂണ് ചടങ്ങും അന്ന് ദർഗയിൽ വെച്ച് നടത്തിയതായി കമ്മിറ്റി അറിയിച്ചു.
ഇത്തരം ചടങ്ങുകൾ ദർഗയിൽ പതിവായി നടക്കാറുണ്ടെന്ന് നാഗൂർ ദർഗ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. എങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം നിമിഷങ്ങൾ പങ്കുവെക്കേണ്ടതും "നാം ആരാണെന്ന്" അടുത്ത തലമുറയോട് വിളിച്ചുപറയേണ്ടതും ആവശ്യമാണെന്ന് അവർ കരുതുന്നു. ഇത്തരം ഐക്യം നിലനിൽക്കുന്നിടത്തോളം കാലം ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇവിടെ സ്ഥാനമുണ്ടാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ പ്രചരിക്കുകയും, സാമുദായിക സൗഹാർദ്ദം വളർത്തുന്നതിൽ നാഗൂർ ദർഗയുടെ ഇടപെടലിനെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു.