രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയോ അല്ലെങ്കിൽ 9 മണി മുതൽ 2 മണി വരെയോ ഉള്ള തൊഴിൽ സമയമാണ് പോസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്.
'എല്ലാവരും വീട്ടിൽ പോയി വിശ്രമിക്കട്ടെ'; ദിവസവും 5 മണിക്കൂർ ജോലി മതി; വൈറലായി യുവാവിന്റെ കുറിപ്പ്
കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരം, മാനസിക സമ്മർദ്ദം, വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കെ, ശ്രദ്ധ നേടി യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ജോലി സമയം ദിവസവും അഞ്ച് മണിക്കൂറായി കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള എക്സ് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയോ അല്ലെങ്കിൽ 9 മണി മുതൽ 2 മണി വരെയോ ഉള്ള തൊഴിൽ സമയമാണ് പോസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്. മനുഷ്യർ തങ്ങളുടെ ആയുസ്സിന്റെ ഭൂരിഭാഗവും ഓഫീസുകളിൽ മാത്രം ചെലവഴിക്കേണ്ടതില്ലെന്നും, ആ സമയം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ചെലവഴിക്കാനും വിശ്രമിക്കാനും അനുവദിക്കണമെന്നും കുറിപ്പിൽ പറയുന്നു. ഇന്നത്തെ കാലത്ത് ആളുകൾ ഇത്രയധികം മാനസിക പ്രയാസങ്ങൾ നേരിടുന്നതിന് പ്രധാന കാരണം ഈ ദൈർഘ്യമേറിയ ജോലി സമയമാണെന്ന് കുറിപ്പെഴുതിയ വ്യക്തി അഭിപ്രായപ്പെടുന്നു.
പോസ്റ്റ് പുറത്തുവന്നതോടെ വലിയ പിന്തുണയുമായാണ് ജീവനക്കാർ രംഗത്തെത്തിയത്. "ജോലി ജീവിതത്തിന് വേണ്ടിയുള്ളതാണ്, ജീവിതം ജോലിക്കായല്ല" എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "ജോലി വ്യക്തിജീവിതത്തെ വിഴുങ്ങുന്നതാകരുത്. കുറഞ്ഞ ജോലി സമയവും കൂടുതൽ സ്വാതന്ത്ര്യവും നൽകിയാൽ ആളുകൾക്ക് ജോലി കൂടുതൽ ആസ്വദിക്കാൻ സാധിക്കും" എന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഇതിനുപുറമേ, 6 മണിക്കൂർ ജോലി സമയം രാജ്യങ്ങളിൽ പൊതുനിയമമാക്കണമെന്നും കൂടുതൽ പേർക്ക് ജോലി നൽകാൻ കമ്പനികൾ തയാറാകണമെന്നും അഭിപ്രായങ്ങൾ ഉയർന്നു.
എന്നാൽ, ഇതിനെ എതിർത്തും ചിലർ രംഗത്തെത്തി. ജോലി സമയം കുറച്ചാൽ ആളുകൾ ആ സമയം വീടുകളിലിരുന്ന് ഫോൺ സ്ക്രോൾ ചെയ്ത് സമയം കളയുകയേ ഉള്ളൂവെന്നാണ് വിമർശകരുടെ വാദം. സമയം കൂടുതൽ ലഭിച്ചാൽ ആളുകൾ ഫ്രീലാൻസ് ജോലികളിലേക്കും സ്വന്തം ബിസിനസുകളിലേക്കും തിരിയുമെന്ന ഭയമാണ് കമ്പനികൾക്ക് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ തടസ്സമെന്നും ചിലർ ചൂണ്ടിക്കാട്ടി.