സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം പവന വിലയിൽ 2240 രൂപ കുറഞ്ഞു. ഗ്രാം വിലയിൽ 280 രൂപയും. ഇതോടെ ഗ്രാമിന് 13,935 രൂപയാണ് ഇന്ന് വില , പവൻ വില 1,11,480 രൂപയായി. ഒരാഴ്ച കൊണ്ട് 8800 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ വില ഇടിയുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്.
മൂന്ന് കാര്യങ്ങളാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് തിരിച്ചടിയാകുന്നത്. ഒരിടവേളയ്ക്ക് ശേഷം ഇറാൻ-യു.എസ് സംഘർഷം കടുത്തതാണ് വിപണിയെ പിടിച്ചുകുലുക്കുന്നത്. ഇറാൻ്റെ തന്ത്രപ്രധാനമായ ലാർക്ക് ദ്വീപിൽ യു.എസ് നടത്തിയ ആക്രമണത്തോടെയാണ് സ്ഥിതി വീണ്ടും രൂക്ഷമാക്കിയത്. ഹോർമുസിന് ചുറ്റുമുള്ള ഇറാൻ്റെ സൈനിക കേന്ദ്രങ്ങളാണ് ഇപ്പോൾ യു.എസ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്നലെ മാത്രം 100 ഓളം കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് യു.എസ് സൈന്യം വ്യക്തമാക്കിയത്. ശക്തമായ തിരിച്ചടികളുമായി ഇറാനും രംഗത്തുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. എണ്ണ വില ബാരവിന് 96 ഡോളർ കടന്നു. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ പേടി ശക്തമാക്കിയിട്ടുണ്ട്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
യുഎസിൽ പലിശപ്പെടിയും ഉയരുകയാണ്. പണപ്പെരുപ്പം ഉയർന്ന് നിൽക്കുകയാണെന്നാണ് യു.എസ് ഫെഡ് ഗവർണർ കെവിൻ വാർഷ് വ്യക്തമാക്കിയത്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടണമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ യു.എസ് ഫെഡ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകൾ 66 ശതമാനം ഉയർന്നുവെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. പലിശ നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും നിക്ഷേപകർ സ്വർണത്തെ കൈവിടും. കൂടുതൽ പലിശ ലഭിക്കുന്ന ബോണ്ടുകളിലേക്ക് അവർ തിരിയും. സ്വാഭാവികമായും ഡിമാൻ്റ് ഇടിയുന്നതോടെ സ്വർണം തകരും. കൂടുതൽ താഴ്ചയിലേക്ക് സ്വർണ വില നീങ്ങിയേക്കും. അമേരിക്കയിൽ പലിൽ ഉയർത്തുമെന്ന പ്രതീതി ഇപ്പോൾ തന്നെ ഡോളറിൻ്റെ മൂല്യം കൂട്ടുന്നുണ്ട്. എണ്ണ വില ഉയരുന്നതും ഡോളർ മൂല്യം ഉയർത്തുകയാണ്. ബോണ്ടിൽ നിക്ഷേപിച്ചാൽ ഇപ്പോൾ കൂടുതൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ കൂട്ടത്തോടെ ഗോൾഡ് ഇടിഎഫുകൾ വിറ്റഴിക്കുന്നുണ്ട്. അമേരിക്കയിലും ജപ്പാനിലുമെല്ലാം സർക്കാർ കടപ്പത്രങ്ങൾ വലിയ തോതിൽ വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകർ. ഇതെല്ലാം സ്വർണത്തിന് വലിയ ആഘാതമാണ് നൽകുന്നത്.
അന്താരാഷ്ട്ര വിപണിയിൽ 4600 ഡോളറിന് മുകളിലെത്തിയ സ്വർണം നിലവിൽ 4300 ഡോളറിന് താഴെയാണ് വ്യാപാരം നടത്തുന്നത്. പലിശ നിരക്ക് കൂട്ടിയാൽ സ്വാഭാവികമായും 3920 ഡോളറിന് താഴേക്ക് സ്വർണ വില കൂപ്പുകുത്തിയേക്കും. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിൽ ഒരു പവൻ വില 1.05 ലക്ഷത്തിന് താഴേക്ക് പതിച്ചേക്കും. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 6,000ത്തോളം രൂപയുടെ ഇടിവ്. അന്താരാഷ്ട്ര സാഹചര്യം കൂടുതൽ രൂക്ഷമായാൽ ഔണ്‍സ് വില 3000 ഡോളറിലേക്ക് വരെ എത്തിയേക്കും എന്ന തരത്തിലും പ്രവചനങ്ങൾ ശക്തമാണ്. അങ്ങനെ വില ഇടിഞ്ഞാൽ കേരളത്തിൽ പവൻ വില 78,000 രൂപ വരെ ആയേക്കും. അതേസമയം ദീർഘകാലയളവിൽ സ്വർണത്തിന് ഇപ്പോഴും അനുകൂലമാണ് സാഹചര്യം എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡി ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇത് സ്വർണത്തിന് ഡിമാൻ്റ് ഉയർത്തുമെന്നും ഭാവിയിൽ വില കുത്തനെ ഉയരുമെന്നുമാണ് പ്രവചനങ്ങൾ.
LIVE