Select Location
All Locations
State
Region
City / District
പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

പേരാമംഗലം: പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടിൽ കൽക്കി എന്നു വിളിക്കുന്ന സന്തോഷ് (44), മണലൂർ എങ്ങണ്ടിവീട്ടിൽ സജിത (46), കോതപറമ്പ് കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരാണ് പിടിയിലായത്. 
പേരാമംഗലം പോലീസും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും തൃശ്ശൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ മോഷണസംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്നാണ് പിടികൂടിയത്. സന്തോഷിന്റെ പ്രധാന സഹായികൂടി പിടിയിലാകാനുണ്ട്. മോഷണമുതലുകൾ വിൽക്കാൻ സഹായിച്ചതിനാണ് സജിതയെയും അഖിലയെയും അറസ്റ്റുചെയ്തത്. 
പറപ്പൂർ സ്വദേശി നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് 20-ന് വൻ കവർച്ച നടന്നത്. മകളുടെ കല്യാണാവശ്യങ്ങൾക്കും മറ്റുമായി വീട്ടിൽ സൂക്ഷിച്ച 50 പവൻ സ്വർണാഭരണങ്ങളാണ് വീടിന്റെ പിറകുവശത്തെ വാതിൽ തകർത്ത് മോഷ്ടാക്കൾ കവർന്നത്. ഷക്കീറും ഭാര്യയും മകളും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. 
സന്തോഷ് ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണ്. കർണാടകയിലെ സ്വർണമോഷണക്കേസുകളിലും ഇയാൾക്ക് ബന്ധമുണ്ട്. 
തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്രദേശ്‌മുഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ബിജോയ്, തൃശ്ശൂർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ രാജേഷ്, പേരാമംഗലം പോലീസ് ഇൻസ്പെക്ടർ വിനോദ്, എസ്.ഐ. അജ്മൽ, തൃശ്ശൂർ സിറ്റി സാഗോക് ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ. പഴനിസ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, തൃശ്ശൂർ എ.സി.പി. സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സിവിൽ പോലീസ് ഓഫീസർ ഹരീഷ്, ദീപക്, പേരാമംഗലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ജയൻ, സിവിൽ പോലീസ് ഓഫീസർ ഷിജിൻ, കിരൺ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.


Mathrubhumi News 1 hour ago
Home Flash News